
ബി.ബി.സി ഓഫീസുകളിലെ ആദായനികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
അദാനി വിഷയത്തില്‍ ഒളിക്കാനൊന്നും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷം അദാനി വിഷയം ഉന്നയിക്കുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെ പോകുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.

ബി.ബി.സി ഓഫീസ് റെയ്ഡിനെ പരിഹസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആദ്യം ബി.ബി.സി ഡോക്യുമെന്ററി നിരോധിക്കും. എന്നാല്‍ അദാനിക്കെതിരായ ആരോപണത്തില്‍ ഒരന്വേഷണവുമില്ല. ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസുകളില്‍. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ് . യെച്ചൂരി ട്വീറ്റില്‍ പരിഹസിച്ചു.
