നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾക്ക് തുടക്കമായി; പൂർണ്ണ ചുമതല ഉമ്മന്‍ചാണ്ടി ഏറ്റടുത്തു; തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ യോഗ തീരുമാനത്തിൽ പ്രതീക്ഷകൾ ഏറെ; പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന്; താഴെത്തട്ടിലെ പ്രവർത്തനത്തെ കുറിച്ച് രമേശ് ചെന്നിത്തല

You are currently viewing നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾക്ക് തുടക്കമായി; പൂർണ്ണ ചുമതല  ഉമ്മന്‍ചാണ്ടി ഏറ്റടുത്തു; തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ യോഗ തീരുമാനത്തിൽ പ്രതീക്ഷകൾ ഏറെ; പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന്; താഴെത്തട്ടിലെ പ്രവർത്തനത്തെ കുറിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പിൻ്റെ ചുമതല മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു.

ജനുവരി 31ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര യുടെ ഉദ്‌ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കും. “കേരള ഐശ്വര്യ യാത്ര” എന്നാണ് യാത്രയുടെ പേര്. യാത്രയുടെ ചുമതല അതത് ലോക്സഭാ മണ്ഡലങ്ങളിലെ എം.പിമാര്‍ക്കാണ്. ഇതിനു പുറമെ ചില ജില്ലകളിലെ ചുമതല മറ്റു നേതാക്കളെ ഏല്പിച്ചിട്ടുണ്ട്. കോട്ടയത്തിൻ്റെ ചുമതല തനിക്കാണെന്ന് ഉമ്മന്‍ ചാണ്ടി തന്നെ യോഗത്തിൽ പറഞ്ഞു. ടി സിദ്ദിഖിനാണ് മലപ്പുറത്തിൻ്റെ ചുമതല. വയനാടിൻ്റെയും ആലപ്പുഴയുടെയും ഉത്തരവാദിത്വം കെ.സി വേണുഗോപാലിനാണെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂരിനാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല. ഇതിനായി തരൂര്‍ എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചതും പൊതു അഭിപ്രായം ആരായും. യുവാക്കളും വിദ്യാര്‍ത്ഥികളുമടക്കം വിവിധ വിഭാഗങ്ങളുമായി സംവദിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശശി തരൂര്‍ എത്തുക ആവശ്യമെങ്കിൽ മറ്റു ജില്ലകളിലും എത്തും. പ്രകടനപത്രിക കോണ്‍ഗ്രസിൻ്റെ മാത്രം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമാവരുത് എന്നുള്ളതുകൊണ്ടാണ് തരൂരിനെ ആളുകളുമായി സംവദിക്കാന്‍ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്നത് എന്നും യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ഉമ്മൻ‌ചാണ്ടി രമേശ് ചെന്നിത്തലയെ ഏല്‍പിച്ചു. ഇത്തവണ പരസ്യ ചര്‍ച്ചകളല്ല നടക്കുകയെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഘടക കക്ഷികളുമായി അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. അതെസമയം കോൺഗ്രസിൽ കുറെ മാറ്റങ്ങൾ ആവശ്യമാണ്. അത് താഴെത്തട്ടിൽ നിന്നും ആരംഭിക്കണം. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരോടപ്പം നിൽക്കാനും കോൺഗ്രസുകാർ തയ്യാറായില്ല എങ്കിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാകുമെന്നും ചെന്നിത്തല പാർട്ടി അംഗങ്ങളോടായി പറഞ്ഞു.

നേമം ഗുജറാത്താണെന്ന കുമ്മനം രാജശേഖരൻ്റെ പരാമര്‍ശത്തോടും അദ്ദേഹം പ്രതികരിച്ചു. നേമം ഗുജറാത്ത് പോലെയാണെന്ന് പറഞ്ഞത് ശരിയാണ്. എല്ലാവിധ മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന സ്ഥലമാണ് ഗുജറാത്ത്. അങ്ങനെയൊരു സ്ഥലമായി നേമത്തെ അദ്ദേഹം വിശേഷിപ്പിച്ചത് നേമത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. നേമം യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര കേരളം യാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റിൻ്റെ അധ്യക്ഷതയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കെ.വി തോമസ് പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം കോണ്‍ഗ്രസിൻ്റെ സമുന്നതനായ നേതാവാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. അദ്ദേഹം കോണ്‍ഗ്രസില്‍ത്തന്നെയുണ്ട്. തുടര്‍ന്നുമുണ്ടാകും. യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ജനാധിപത്യ രീതികളാണുള്ളത്. പാര്‍ട്ടിയില്‍ ആര്‍ക്ക് എന്ത് പ്രശ്നമുണ്ടായാലും ചര്‍ച്ച ചെയ്യും. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവരെ തള്ളിക്കളയുകയല്ല ചെയ്യുക. അവരെ ഉള്‍ക്കൊണ്ട് അവരുടെ ആവശ്യങ്ങളറിയും. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കും. അതനുസരിച്ച്‌ ജനാധിപത്യ പാര്‍ട്ടി പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

0Shares