കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ

You are currently viewing കാവ്യയ്ക്ക് ഒറ്റ ഉത്തരം മാത്രം നാലര മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും; സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തി, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് പിടിമുറുക്കുന്നു, വിവരങ്ങൾ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച്‌ കാവ്യ മാധവന്‍. നാലരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ചിന് പിടികൊടുക്കാതെയായിരുന്നു കാവ്യയുടെ ഉത്തരങ്ങളെന്നാണ് ലഭിക്കുന്ന വിവരം.

ക്രൈബ്രാഞ്ച് അന്വേഷിക്കുന്ന രണ്ട് കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന മറുപടിയാണ് കാവ്യ നല്‍കിയത്. ദിലീപിൻ്റെ ആലുവയിലുള്ള വീട്ടില്‍ ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം കാവ്യ നിഷേധിച്ചു. ദിലീപിൻ്റെ സഹോദരീ ഭര്‍ത്താവ് സൂരജിൻ്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യല്‍. എസ്.പി മോഹനചന്ദ്രന്‍, ഡി.വൈ.എസ്‌.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ കാവ്യയുടെ മൊഴി മുമ്പ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ കേസിലെ തുടരന്വേഷണത്തില്‍ ശബ്‌ദരേഖകളും ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചപ്പോള്‍ അതില്‍ കാവ്യയെ പരാമര്‍ശിക്കുന്നതായി കണ്ടെത്തി. ദിലീപിൻ്റെ സഹോദരീ ഭര്‍ത്താവ് സൂരജിൻ്റെതടക്കം ശബ്ദരേഖയിലാണ് കാവ്യയെ പരാമര്‍ശിച്ചത്.

മുമ്പ് രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് കാവ്യയോട് ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ അറിയിച്ചത്. ചോദ്യം ചെയ്യലിന് സാങ്കേതിക സൗകര്യമൊരുക്കാന്‍ കഴിയാത്തതിനാലാണ് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യം ചെയ്തില്ല. നടിയെ ആക്രമിച്ച കേസിൻ്റെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ നടി സഹകരിച്ചോ എന്ന വിവരം അധികൃതര്‍ പുറത്തുവിട്ടില്ല.

0Shares