
കേരളത്തിൻ്റെ ആഴക്കടലില്‍ ക്രൂഡോയില്‍, വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ വീണ്ടും പര്യവേക്ഷണത്തിന് ഒരുങ്ങി ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷൻ (ഒ.എ.ൻജി.സി). കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെ 19 ബ്ലോക്കുകളിലാണ് ക്രൂഡോയില്‍, വാതക സാന്നിധ്യം സംശയിക്കുന്നത്.
കേരള- കൊങ്കണ്‍ മേഖലയില്‍ ക്രൂഡോയില്‍, വാതക പര്യവേക്ഷണത്തിനുള്ള അടുത്ത ലേലത്തില്‍ സംബന്ധിക്കുമെന്ന് ഒ.എൻ.ജി.സി വ്യക്തമാക്കി. പര്യവേക്ഷണ നടപടികള്‍ തുടങ്ങാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

20,000 വരെ മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണം. ആഴക്കടലില്‍ പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ചായിരിക്കും പര്യവേക്ഷണ നടപടികള്‍.
ക്രൂഡോയില്‍, വാതക സാന്നിധ്യം ഉറപ്പിക്കാനാകുമോ എന്നത് സംബന്ധിച്ച പര്യവേക്ഷണ നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുക. സാന്നിധ്യം ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കന്യാകുമാരി മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ഒ.എൻ.ജി.സിയുടെ പര്യവേക്ഷണം വൈകാതെ ആരംഭിക്കും.
ദക്ഷിണേന്ത്യയുടെ ആഴക്കടലില്‍ എണ്ണശേഖരം കണ്ടെത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് അത് വലിയ സാമ്പത്തിക നേട്ടമാകും സമ്മാനിക്കുക. നിലവില്‍ 10-15 ശതമാനം ക്രൂഡോയില്‍ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്.
