
കാസർകോട്: കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തതയിലേക്ക് അടുക്കാന്‍ ഒരു പടികൂടി മുന്നോട്ട് വെക്കുകയാണ് കൃഷിവകുപ്പ്. കാര്‍ഷിക വിഭവങ്ങളില്‍ സ്വയം പര്യാപ്തത നേടാനും ലഭ്യമായ കൃഷിയിടങ്ങള്‍ ഉപയോഗിച്ച് നമുക്ക് ആവശ്യമായ അരി, പച്ചക്കറി, പഴങ്ങള്‍, പാല്, മുട്ട, മാംസാഹാരം തുടങ്ങിയവ ഉത്പാദിപ്പിക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി സുഭിക്ഷ കേരളം 2020തില്‍ ആവിഷ്‌ക്കരിച്ചതോടെ വിവിധ മേഖലകളില്‍ വലിയ ഉത്പാദന വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
തരിശ് ഭൂമികള്‍ മുഴുവനായി കൃഷിക്കായി സജ്ജീകരിക്കപ്പെടണം. സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ അടിസ്ഥാനം എന്ന് മനസ്സിലാക്കി ഓരോ കേരളീയനും കൃഷിയിലേയ്ക്ക് ഇറങ്ങണം. അതാണ് ഞങ്ങളും കൃഷിയിലേയ്ക്ക്’ എന്ന പദ്ധതി. മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ‘ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതി വിവിധവകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുകയാണ്.

ലക്ഷ്യമിടുന്നത് കാര്‍ഷിക സംസ്‌കൃതിയുടെ ശക്തിപ്പെടുത്തല്‍
എത്ര വിസ്തൃതി കൃഷി ചെയ്യുന്നു എന്നുള്ളതല്ല ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കേരളീയനിലും കൃഷി സംസ്‌കാരം ഉണര്‍ത്തുക. അതുവഴി സ്ഥായിയായി നിലനില്‍ക്കുന്ന ഒരു കാര്‍ഷിക മേഖല കേരളത്തില്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളീയരില്‍ മുഴുവന്‍ കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക, ഓരോ കേരളീയ ഭവനവും വിഷരഹിത ഭക്ഷണ ഉല്‍പ്പാദനത്തില്‍ സ്ഥായിയായ കാര്‍ഷിക മേഖല സൃഷ്ടിക്കുക, ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തുക, കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ദ്ധനവ് പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്പുഷ്ടമാക്കുക, പ്രകൃതിയെ പരിസ്ഥിതിയെ സംരക്ഷിക്കുക, കാര്‍ഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോര്‍ത്തിണക്കുക, കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുക, തനതായ കാര്‍ഷിക വിഭവങ്ങളെ സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളോടെയാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കുന്നത്.
കൃഷി വകുപ്പിൻ്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് 10,000 കാര്‍ഷിക ഗ്രൂപ്പുകള്‍ ഉല്‍പാദന മേഖലയിലും സംഭരണ വിപണന കാര്‍ഷിക സഹായ മേഖലയിലും മൂല്യവര്‍ദ്ധന മേഖലകളിലുമായി രൂപീകരിച്ച് കേരളത്തിൻ്റെ കാര്‍ഷിക മേഖല ശക്തമാക്കി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ജില്ലയിലെ ഓരോ പഞ്ചായത്തില്‍ 150 കുടുംബങ്ങളെയെങ്കിലും പുതിയതായി കൃഷിയുടെ ഭാഗമാക്കും
ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി 1,49,551 പാക്കറ്റ് വിത്തുകളും 40,000 പച്ചക്കറി തൈകളും വിതരണം ചെയ്യും. ഓരോ പഞ്ചായത്തില്‍ നിന്നും 150 കുടുംബങ്ങളെയെങ്കിലും പുതിയതായി കൃഷിയുടെ ഭാഗമാക്കും. ഓരോ വാര്‍ഡിലും അഞ്ച് മാതൃകാ കൃഷി കുടുംബങ്ങളെ തെരഞ്ഞെടുക്കും. മെയ് മാസത്തോടെ വിളവെടുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.
ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ ഉത്പന്നം എന്ന രീതിയിലാണ് ജില്ലയില്‍ പദ്ധതി നടത്തുക എന്നും ഓരോ സ്ഥലത്തെയും മണ്ണിനങ്ങള്‍ക്ക് ഇണങ്ങുന്ന വിളകള്‍ തെരഞ്ഞെടുക്കുമെന്നും ഇതിൻ്റെ അടിസ്ഥാനത്തില്‍ 25000 മുരിങ്ങ തൈകള്‍ നല്‍കി പുത്തിഗെ പഞ്ചായത്തിനെ മുരിങ്ങ ഗ്രാമമായി പ്രഖ്യാപിച്ചുവെന്നും പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ആര്‍. വീണ റാണി പറഞ്ഞു.
