കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പിടിയില്‍; പ്രതികള്‍ ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തൽ

You are currently viewing കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പിടിയില്‍; പ്രതികള്‍ ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തൽ

മംഗളൂരു: കഴിഞ്ഞ വര്‍ഷം മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്‌ഫോടനക്കേസിലെ ഒരു പ്രതി ഒഡീഷയില്‍ പൊലീസ് പിടിയിലായി. പ്രീതം കര്‍(31) എന്നയാളെയാണ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒഡീഷയില്‍ ജയ്‌പൂർ ജില്ലയിലെ ഭുരംഗ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
പ്രീതംകറിന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ റിമാണ്ടില്‍ കഴിയുന്ന ഒന്നാംപ്രതി ഷാരിഖിന് മൊബൈല്‍ ഹാന്‍ഡ്‌ സെറ്റും സിം കാര്‍ഡും കൈമാറിയത് പ്രീതം കര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് പ്രീതം.

2017 മുതല്‍ പ്രീതവും കൂട്ടാളികളും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വിവരങ്ങളുള്ള ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുക, ഒ.ടി.പികള്‍ വിതരണം ചെയ്യുക, സൈബര്‍ കുറ്റവാളികള്‍ക്കൊപ്പം ഇ- വാലറ്റുകള്‍ ഉപയോഗിക്കുക എന്നിവ ഇവരുടെ സ്ഥിരം പ്രവര്‍ത്തനമായിരുന്നു.

പ്രതികള്‍ അടുത്തിടെ ഒരു ഐ.എസ്‌.ഐ ഏജണ്ടില്‍ നിന്ന് 1.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ഒഡീഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ കുക്കര്‍ ബോംബ് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

0Shares