
കാസർകോട്: ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ തീയെടുക്കാം പ്രദേശത്ത് ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ സാധാരണക്കാരായ കർഷകർക്ക് ഇത്തവണത്തെ ഓണം കണ്ണീരിൽ കുതിർന്ന ദിനങ്ങളാണ് സമ്മാനിക്കുന്നത്. ദീർഘകാലം അധ്വാനിച്ചുണ്ടാക്കിയ കൃഷി മൊത്തം ഒറ്റ ദിവസം കൊണ്ട് ആന നശിപ്പിക്കുന്ന അവസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത് .
കമുകാണ് പ്രധാന കൃഷിയെങ്കിലും അതിന്റെ ഇടവിളയായി വാഴക്കൃഷി സമൃദ്ധമായി ഉണ്ടായിരുന്നു. എന്നാൽ കാട്ടാനകളെത്തിയതോടെ ഈ സ്ഥിതി മാറി. കാട്ടാനകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്നാണ് വാഴ.ഇതോടെ ഒരു മാസം 2 ക്വിന്റൽ വരെ വാഴപ്പഴം വിറ്റിരുന്ന കർഷകർ, വീട്ടാവശ്യത്തിനു പോലും കടകളിൽ നിന്നു വാങ്ങേണ്ട അവസ്ഥയിലേക്കെത്തി.

വാഴയിലയ്ക്കും ഇതോടെ ക്ഷാമം ആയി. ഓണക്കാലത്ത് വാഴയില വിറ്റാൽ നല്ല വരുമാനവും കർഷകർക്കു ലഭിച്ചിരുന്നു. ഇത്തവണ അതും ഇല്ലാതായി. നിലവിൽ രാത്രി കാലങ്ങളിൽ കാട്ടാനകൾ ജനവാസ മേഖലകളിലേക്കു കടക്കാതിരിക്കാൻ തീകൂട്ടി കാവലിരിക്കുകയാണു വനം വകുപ്പ് ജീവനക്കാർ. അതും വിജയമാകുന്നില്ല എന്നാണ് ഇവിടെനിന്നുള്ള റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം രാജേഷ്, തീയടുക്കം, മാധവൻ പുറത്തിറക്കകാൽ കുഞ്ഞമ്പു തങ്കത്തടുക്കം, രജീഷ്, വിപിൻ, ചന്ദ്രൻ പറമ്പ്, മാധവൻ തങ്കത്തടുക്കാം, കുഞ്ഞിരാമൻ, ജയൻ, ബാലകൃഷ്ണൻ, വാരിജാക്ഷൻ , സുകുമാരൻ, നാരായണൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനകൾ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്.
