
ഹിന്ദുത്വ തീവ്രവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിൻ്റെ 29ാം വാര്‍ഷികമായ ഡിസംബര്‍ ആറിന് പുതിയ തകര്‍ക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍ സംഘടനകള്‍. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദാണ് ഇക്കുറി ലക്‌ഷ്യം. ബാബരി മസ്ജിദ് തകര്‍ത്ത ദിവസം പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും എന്നാണ് തീവ്രവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബാബരി മസ്ജിദില്‍ രാമജന്‍മ ഭൂമി പ്രശ്‌നം ഉയര്‍ത്തിയവര്‍ ഇവിടെ കൃഷ്ണ ജന്‍മഭൂമി പ്രശ്‌നം ആണ് ഉയര്‍ത്തിക്കാട്ടുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ആണെന്നാണ് ഹിന്ദുത്വ തീവ്രവാദികള്‍ ആരോപിക്കുന്നത്.
ഡിസംബര്‍ ആറിന് അടുത്തുള്ള ഷാഹി ഈദ്ഗാ പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഏതാനും വലതുപക്ഷ ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
നഗരത്തിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡുകള്‍ ഉണ്ട്. ക്ഷേത്ര-മസ്ജിദ് സമുച്ചയങ്ങള്‍ക്ക് പിന്നിലൂടെയുള്ള നാരോ ഗേജ് റെയില്‍വേ ട്രാക്ക് പോലും അടച്ചിട്ടിരിക്കുകയാണ്. മഥുര-വൃന്ദാവന്‍ ഇരട്ട നഗരങ്ങള്‍ക്കിടയിലുള്ള രണ്ട് തീര്‍ഥാടന ട്രെയിനുകള്‍ യാര്‍ഡുകളില്‍ തങ്ങും. ആളുകള്‍ കൂട്ടംകൂടുന്നതിനെതിരെ നിരോധനാജ്ഞ നിലവിലുണ്ട്.

പരിശോധനയില്‍ ക്ഷേത്രത്തിലോ പള്ളിയിലോ പ്രവേശിക്കുന്നവരോട് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ വന്‍ സുരക്ഷാ കവചം ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ സമുച്ചയവും സി.സി ടി.വികളുടെയും പൊലീസ് ഡ്രോണുകളുടെയും നിരീക്ഷണത്തിലാണ്. ഡിസംബര്‍ ആറിന് പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അഖില്‍ ഭാരത് ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മ്മാണ്‍ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദള്‍ എന്നീ സംഘടനകള്‍ ആണ് ഇതിനായി രംഗത്തുള്ളത്. ‘ഞങ്ങള്‍ ഇരുവശത്തുമുള്ള മുതിര്‍ന്നവരുമായും മതമേലധ്യക്ഷന്മാരുമായും സംസാരിച്ചു. പ്രശ്നമുണ്ടാക്കുന്നവരോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നതാണ് ലഖ്നൗവില്‍ നിന്നുള്ള സന്ദേശം’ -ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
