
കാസർകോട്: ‘ജീവൻ രക്ഷിക്കാൻ നിങ്ങളൊരു ഡോക്ടർ ആകണമെന്നില്ല; രക്തദാതാവ് ആയാൽ മതി’ എന്ന ലോകാരോഗ്യ സംഘടനയുടെ ആഹ്വാനത്തിന് പിന്തുണ നൽകുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും രക്തദാനം മാതൃകയാകുന്നു. കേരള ഗവൺമെണ്ട് നഴ്‌സസ് അസോസിയേഷൻ (KGNA) കാസർകോട് ഏരിയ കമ്മറ്റി ജില്ലാ സമ്മേളനത്തൊട് അനുബന്ധിച്ച് രക്തദാനം നടത്തി. കാസർകോട് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ ശനിയാഴ്‌ച രാവിലെയാണ് രക്തദാനം നടത്തിയത്.

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്ര പുരോഗതി പ്രാപിച്ചിട്ടും രക്തത്തിന് പകരം ഫലപ്രദമായ മറ്റൊരു വസ്‌തു കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ജീവൻ രക്ഷിക്കാൻ രക്തദാനം ചെയ്യുക മാത്രമേ പോംവഴിയായുള്ളൂ. അതിനാലാണ് രക്തദാനം ജീവദാനം എന്നുപറയുന്നത്. പൊതിച്ചോറിനോടൊപ്പം ചോരയും നൽകിക്കൊണ്ടുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും മാതൃകാപരവും അഭിനന്ദനാർഹവുമാണ്. രക്തം നൽകുന്നതിനും സ്വീകരിക്കുന്നതിനും ജാതി- മത- വർണ വിലക്കുകളില്ലാത്ത മഹത്തായ കർമമാണ്.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് പരിപാടി ഉത്ഘാടനം ചെയ്‌തു. കേരള ഗവൺമെണ്ട് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളായ പി.വി പവിത്രൻ, വിശ്വം കൃഷ്ണൻ, ജ്യോതിമോൾ, പി.വി അനീഷ് എന്നിവർ സംബന്ധിച്ചു.

രക്തദാനത്തെപ്പറ്റി അബദ്ധധാരണകളും ഭയാശങ്കകളും ചിലരിൽ നിലനിൽക്കുന്നുണ്ട്. അരോഗ്യ ദൃഢഗാത്രരായ മക്കളും ബന്ധുക്കളും രോഗിക്ക് ഉണ്ടെങ്കിലും അവരാരും രക്തദാനത്തിന് തയ്യാറാകാതെ സന്നദ്ധ സംഘടനാ പ്രവർത്തകരെ ആശ്രയിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവണതയുണ്ട്. അടിസ്ഥാന രഹിതമായ പേടിയാണ് ഇവർ രക്തദാനത്തിൽ നിന്ന് പിന്തിരിയാനുള്ള കാരണം.
രക്തം നൽകുന്നതും സ്വീകരിക്കുന്നതും തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് കരുതുന്ന ചില മതവിഭാഗങ്ങളുണ്ട്. അഭ്യസ്‌ത വിദ്യരായവർക്കിടയിൽ പോലും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.
