
കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സഹയാത്രികനായിരുന്ന കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ അങ്കമാലിയിൽ വെച്ചായിരുന്നു ചലച്ചിത്രതാരവും മോഡലുമായ യുവതിയുടെ മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴായിരുന്നു സഹയാത്രികന്‍ മോശമായി പെരുമാറിയാതെന്ന് യുവനടി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
അങ്കമാലിയിൽ നിന്നും ബസിൽ കയറിയ യുവാവ് തന്‍റെ അടുത്ത് വന്നിരുന്നു. അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുമുണ്ടായിരുന്നു. ഇരുന്നത് മുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഇയാൾ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു.
ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ യുവാവറിയാതെ മൊബൈലില്‍ വിഡിയോ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ പ്രതികരണം കണ്ട യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. പിന്നാലെ സീറ്റിൽ നിന്നെഴുന്നേറ്റ യുവതി ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചു. ഇതോടെ ബസിലെ കണ്ടക്ടർ യുവതിക്ക് പിന്തുണയുമായെത്തി. ബസ് നിർത്തേണ്ടെന്നും വാതിൽ തുറക്കരുതെന്നും ഇയാൾ ഡ്രൈവറോട് പറഞ്ഞു.

യുവതി പറഞ്ഞത് സത്യമാണെന്ന് കണ്ടതോടെ യാത്രക്കാരും പിന്തുണച്ചു. ഇതിനിടെ ബസ് നിർത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങിയെങ്കിലും കൂടെ ഇറങ്ങിയ കണ്ടക്ടർ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെ ഉണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
“ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവസാനം വരെ അവർ എന്നോടൊപ്പം നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു. ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ അടക്കമുള്ള ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. ഇനി അവൻ സിബ്ബ് തുറക്കാൻ പേടിക്കണം” എന്ന് -യുവതി വീഡിയോയിൽ പറഞ്ഞു.
