
നന്ദി.. എനിക്കൊപ്പം നടന്ന ഓരോരുത്തര്‍ക്കും.. പീഡനങ്ങളും ഭീഷണികളും നിറഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ തളര്‍ന്നു പോയേക്കുമെന്ന് ഞാന്‍ വല്ലാതെ ആശങ്കപ്പെട്ട അനേകായിരം അവസരങ്ങളില്‍ എനിക്കൊപ്പം നടന്ന രാജ്യത്തെ പതിനായിരങ്ങള്‍ക്ക്… ഇണയായവന് എൻ്റെ മക്കള്‍ക്ക്.. ഒരു നിമിഷം പോലും എന്നെ തനിച്ചാക്കാതിരുന്ന നിരവധി അനവധി ആളുകള്‍ക്ക്’. ഒരായുസ്സില്‍ ഒരാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലും എത്രയോ ഉയരെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തുള്ള അതികഠിനമായ പീഢന അനുഭവങ്ങളുടെ പൊള്ളുന്ന വെയിലിന് മേല്‍ പെയ്‌ത ഇത്തിരി മഴത്തണുപ്പില്‍ നിന്ന് ബില്‍ക്കീസ് ബാനു പറയുന്നു.
‘ഇന്നാണ് ശരിക്കും എൻ്റെ പുതുവത്സര പിറവി ദിനം. ഇന്ന് ഞാന്‍ ആശ്വാസത്തിൻ്റെ കണ്ണുനീരൊഴുക്കി. ഒന്നര വര്‍ഷത്തിനിടയില്‍ ആദ്യമായി ഞാന്‍ പുഞ്ചിരിച്ചു. ഞാന്‍ എൻ്റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. ഒരു പര്‍വതത്തോളം ഭാരമേറിയ കല്ല് എൻ്റെ നെഞ്ചില്‍ നിന്ന് എടുത്തു മാറ്റപ്പെട്ട പോലെ തോന്നുന്നു. ഇനി എനിക്ക് ശ്വസിക്കാനാകുമെന്നും തോന്നുന്നു. ഇപ്പോഴാണ് എനിക്ക് നീതി ലഭ്യമായതായി തോന്നുന്നത്. എനിക്കും എൻ്റെ കുഞ്ഞുങ്ങള്‍ക്കും എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കും എല്ലാവര്‍ക്കും തുല്യനീതി എന്നതിൻ്റെ ന്യായീകരണവും പ്രത്യാശയും പ്രദാനം ചെയ്‌തതിന് രാജ്യത്തിൻ്റെ പരമോന്നത കോടതിക്ക് ഞാന്‍ നന്ദി പറയുന്നു’.
വംശീയ അതിക്രത്തിൻ്റെയും വംശീയ ഉന്മൂലനത്തിൻ്റെയും ഇര മാത്രമല്ല, അതിജീവിതയായി ഉയര്‍ത്തെഴുന്നേറ്റ് ധീരമായി പൊരുതി വിജയം നേടിയ പോരാട്ട നായിക കൂടിയാണ് ബില്‍ക്കീസ് ബാനു. ഒന്നും രണ്ടുമല്ല. 20 വര്‍ഷത്തിലേറെ നീണ്ടതാണ് ബില്‍ക്കീസ് ബാനു നടത്തിയ പോരാട്ടം. പ്രതിസന്ധികള്‍ മാത്രം നിറഞ്ഞ ഈ വഴികളില്‍ ചവിട്ടി നടക്കുക ഒട്ടും എളുപ്പമല്ലെന്ന് അവര്‍ എടുത്തു പറയുന്നു. ഒരിക്കലും തനിച്ച് കരയണയാൻ ആകുമായിരുന്നില്ലാത്ത ഈ ആഴക്കടലില്‍ തനിക്കൊപ്പം തുഴയാന്‍ തൻ്റെ നല്ലപാതിയും കഞ്ഞുങ്ങളുമായി. പൊതിഞ്ഞുപിടിക്കാന്‍ നിരവധി സുഹൃത്തുകളുണ്ടായി. അനേകായിരം സ്ത്രീകളുണ്ടായി. എല്ലാത്തിലുമുപരി ശോഭ ഗുപ്‌ത എന്ന ധീരയായ അഭിഭാഷകയുണ്ടായി. വിധിക്കുശേഷം പുറത്ത് പ്രസ്‌താവനയില്‍ ബില്‍ക്കീസ് പറയുന്നു.

‘നേരത്തെ ഞാന്‍ പറഞ്ഞതാണ്. ഇന്ന് ഒന്നു കൂടി ആവര്‍ത്തിക്കുന്നു. എൻ്റെത് പോലുള്ള യാത്രകള്‍ ഒരിക്കലും ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല. എനിക്കൊപ്പം എൻ്റെ പ്രിയപ്പെട്ടവനും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അത്രമേല്‍ വെറുപ്പിനിരയായി ഞാന്‍ തളരുമെന്ന് തോന്നിയപ്പോഴെല്ലാം സ്‌നേഹം പകരാനും ദുര്‍ഘട സന്ധികളില്‍ കൈ പിടിക്കാനും എനിക്കെൻ്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നു. അതിനെല്ലാമുപരി എനിക്ക് അസാധാരണക്കാരിയായ ഒരു വക്കീല്‍ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ശോഭാ ഗുപ്‌ത. 20 വര്‍ഷത്തിലേറെ നീണ്ട എൻ്റെ പോരാട്ടങ്ങളില്‍ അചഞ്ചലയായി അവര്‍ എനിക്കൊപ്പം നടന്നു. നീതി എന്ന ആശയത്തിലുള്ള പ്രത്യാശ നഷ്ടപ്പെടാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ല’- ബില്‍ക്കീസ് പറയുന്നു.
19ാം വയസ്സില്‍ തനിക്ക് മുന്നിലിട്ട് തൻ്റെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നൊടുക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നവളാണ് ബില്‍ക്കീസ്. അവള്‍ക്ക് മുന്നിലിട്ട് കുടുംബത്തിലെ പെണ്ണുങ്ങളെ അക്രമികള്‍ മാറിമാറി ബലാത്സംഗം ചെയ്‌തു. അവളുടെ കയ്യില്‍ നിന്ന് മൂന്നു വയസ്സുള്ള കുഞ്ഞുമോളെ പിടിച്ചു വാങ്ങി എറിഞ്ഞു കൊന്നു. അവളുടെ കുഞ്ഞുതല പാറക്കല്ലില്‍ തട്ടി ചിന്നിച്ചിതറി. പിന്നെ അവരെ കയ്യും കാലും പിടിച്ചവെച്ച് ക്രുരമായി ബലാത്സംഗം ചെയ്‌തു. താന്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന അവരുടെ കരച്ചില്‍ അക്രമികളുടെ ക്രൗര്യം അധികരിപ്പിച്ചതല്ലാതെ അല്‍പം പോലും കരുണയുണ്ടാക്കിയില്ല.
താനിത്രനാളും സ്‌നേഹത്തോടെ ചാച്ച എന്ന് വിളിച്ചവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എത്രമേല്‍ തൻ്റെ ശരീരത്തില്‍ കയറിയിറങ്ങിയെന്ന് പോലും അവര്‍ക്കറിയില്ല. തന്നെ അത്രമേല്‍ മരണ തുല്യയാക്കിയവര്‍ പിന്നീട് ശിക്ഷ ഇളവ് ലഭിച്ച് തനിക്കു മുന്നിലൂടെ വിജയാരാവം മുഴക്കി ഇറങ്ങി പോയപ്പോള്‍ താനാകെ തകര്‍ന്നു പോയിരുന്നുവെന്നും ബില്‍ക്കീസ് ഓര്‍ക്കുന്നു. പിന്നീട് പോരാട്ടത്തിൻ്റെ പുതു ഗോദയിലേക്കിറങ്ങാന്‍ തനിക്ക് കരുത്തായ തനിക്കറിയുക പോലും ചെയ്യാത്ത ആയിരങ്ങളേയും അവരോര്‍ക്കുന്നു.
‘ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2022 ആഗസ്റ്റ് 15ന് എൻ്റെ കുടുംബം നശിപ്പിച്ച, എൻ്റെ നിലനില്‍പ്പിനെ തന്നെ ഭീതിയിലാഴ്ത്തിയ അവര്‍ക്ക് ശിക്ഷാ കാലാവധി കഴിയും മുമ്പ് തന്നെ കോടതി മോചനം നല്‍കിയപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. എൻ്റെ ശക്തിയുടെ സംഭരണി തന്നെ വറ്റിപ്പോയി. ദശലക്ഷക്കണക്കായ ഐക്യദാര്‍ഢ്യം എന്നിലെത്തിച്ചേരും വരെ ഞാന്‍ തളര്‍ന്നിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുന്നോട്ടു വന്നു. എനിക്കൊപ്പം നിന്നു. എനിക്ക് വേണ്ടി സംസാരിച്ചു’…
‘സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചു. മുംബൈയില്‍ നിന്ന് 8500 പേരും മറ്റിടങ്ങളില്‍ നിന്ന് 6000 പേരും അപ്പീലുകള്‍ സമര്‍പ്പിച്ചു. 10000 ആളുകള്‍ തുറന്ന കത്തുകളെഴുതി. കര്‍ണ്ണാടകത്തിലെ 29 ജില്ലകളില്‍ നിന്നായി 40000 പേരും അത് തന്നെ ചെയ്‌തു. ഈ മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്കും എൻ്റെ നന്ദി… നിങ്ങള്‍ തന്ന വിലമതിക്കാനാകാത്ത ഐക്യദാര്‍ഢ്യത്തിനും കരുത്തിനും. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതി എന്ന ആശയത്തെ സംരക്ഷിച്ചു നിര്‍ത്താനായുള്ള പോരാട്ടത്തിന് നിങ്ങളെനിക്ക് ഇച്ഛാശക്തി നല്‍കി. ഹൃദയത്തില്‍ തൊട്ട നന്ദി…’
‘ഈ വിധിയുടെ എൻ്റെയും എൻ്റെ കുഞ്ഞുങ്ങളുടേയും ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന യാഥാര്‍ഥ്യം ഞാന്‍ ഉല്‍ക്കൊള്ളുന്നു. എന്നാല്‍ അത് എൻ്റെ ഹൃദയത്തിലുയര്‍ന്നു പ്രാര്‍ഥന ലളിതമാണ്. നിയമവാഴ്‌ചയാണ് എല്ലാറ്റിനും മുകളില്‍, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്’. -അവര്‍ പറഞ്ഞു നിര്‍ത്തുന്നു.
ഭരണകൂട സ്വാധീനവും രാഷ്ട്രീയ ആശയ മത ജാതി പ്രിവിലേജും കൊണ്ട് അക്രമികളും കൊലയാളികളും രക്ഷപെടുമ്പോള്‍ നീതിക്കായി പോരാടാന്‍ ഏതൊരാള്‍ക്കും മാതൃകയാണ് ബില്‍ക്കീസ്. വംശീയ വാദികളുടെ മുഖത്തേറ്റ അടിയാണ് പ്രതികളുടെ മോചനം റദ്ദാക്കി തിരികെ ജയിലില്‍ അടയ്ക്കാനുള്ള പരമോന്നത കോടതിയുടെ വിധി.
Courtesy:SuprabathamMalayalam
