
ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് (മിസോ നാഷണൽ ഫ്രണ്ട്) വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ ZPMൻ്റെ മുന്നേറ്റം. സംസ്ഥാനത്ത് വോട്ടെണ്ണലിൽ 2017ല്‍ മാത്രം രജിസ്റ്റര്‍ ചെയ്‌ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറി. വന്‍ഭൂരിപക്ഷത്തില്‍ ZPMന് സംസ്ഥാനത്ത് അധികാരത്തിലേറാം.
മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ ZPM മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ലാല്‍ ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്.
അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിൻ്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡണ്ട് വാന്‍ലാല്‍മുകയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിന് ഇടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന. ബി.ജെ.പി മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ലാല്‍ ഡുഹോമയാണ് ZPM പാർട്ടിയുടെ സ്ഥാപകന്‍. ആറ് പ്രാദേശിക പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് പുതിയ പാർട്ടി സ്ഥാപിച്ചത്. 2018ലെ മിസോറം തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തിയിരുന്നു.

നാല്‍പത് നിയമസഭാ സീറ്റുകളുള്ള മിസോറാമില്‍ 27 സീറ്റുകളില്‍ വിജയിച്ച വന്‍ ഭൂരിപക്ഷത്തോടെയാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ ദുഹോമ നയിക്കുന്ന സോറം പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തിലേറുന്നത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ലാല്‍ ദുഹോമ. ഈ മാസം തന്നെ മുഖ്യമന്ത്രിമായി അധികാരത്തിൽ കയറുമെന്നും ലാല്‍ ദുഹോമ അറിയിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായ സോറാം താംഗയെ ZPM സ്ഥാനാര്‍ത്ഥി ലാല്‍ തംസംഗയാണ് തോല്‍പ്പിച്ചത്. അതും 2101 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ തോല്‍വി. അതേസമയം ZPM ൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലാല്‍ ദുഹോമ സേര്‍ച്ചിപ്പില്‍ 2982 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
പത്ത് സീറ്റിലേക്ക് എം.എന്‍.എഫ് ഒതുങ്ങിയപ്പോള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മുക്തമായെന്ന് വ്യക്തമാവുന്നതാണ് ഈ തെരഞ്ഞടുപ്പ്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി വിജയിക്കാമെന്ന മോഹം ഒരു സീറ്റില്‍ ഒതുങ്ങി. ഈ വിജയം ZPMന് അപ്രതീക്ഷിതമായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് വിജയത്തെ കുറിച്ച് ലാല്‍ തുഹോമ പ്രതികരിച്ചത്.
‘എനിക്ക് അത്ഭുതമില്ല, ഇതാണ് ഞാന്‍ പ്രതീക്ഷിച്ചത്’ എന്നായിരുന്നു വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്. വന്‍ഭൂരിപക്ഷത്തോടെയുള്ള വിജയം അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം. പ്രമുഖ ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ ZPM 28 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നും മൂന്നുമുതല്‍ ഏഴു സീറ്റുകളില്‍ ഭരണപക്ഷം ഒതുങ്ങുമെന്നും പറഞ്ഞിരുന്നു.
8.57 ലക്ഷം വോട്ടര്‍മാരില്‍ 80 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 174 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ സ്ത്രീകളായിരുന്നു. 21 സീറ്റുകളാണ് മിസോറാമില്‍ കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്. കോണ്‍ഗ്രസും എം.എന്‍.എഫും ZPM ഉം എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. അതേസമയം ബി.ജെ.പി 13 സീറ്റുകളിലും എ.എ.പി നാലു സീറ്റുകളിലുമാണ് മത്സരിച്ചത്.
എ.എ.പി ആദ്യമായാണ് മിസോറാം ഇലക്ഷനില്‍ മത്സരിച്ചത്. ഇവരെ കൂടാതെ 17 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ എം.എന്‍.എഫ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായിരുന്നു. അന്ന് പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിനെ അവര്‍ പുറത്താക്കി. ZPMന് അന്ന് എട്ടു സീറ്റുകളിലെ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. അന്ന് ബി.ജെ.പി ഒരു സീറ്റിലാണ് വിജയിച്ചത്.
