
തിരുവനന്തപുരം: തൻ്റെ തെരഞ്ഞെടുപ്പ് ചെലവിൻ്റെ കണക്കുകേട്ട് ഉത്തരേന്ത്യന്‍ എം.പി. ഞെട്ടിയതും പിന്നീട് എം.പിയുടെ ആസ്‌തി കേട്ട് താന്‍ അമ്പരന്നതിൻ്റെയും അനുഭവം പങ്കുവച്ച് സ്‌പീക്കര്‍ എം.ബി രാജേഷ്. നിയമസഭാ സ്‌പീക്കര്‍ എം.ബി രാജേഷ് ലോക്‌സഭാംഗമായപ്പോള്‍ നടത്തിയ കന്നിപ്രസംഗത്തിന് ശേഷം അദ്ദേഹത്തെ പരിചയപ്പെടാനെത്തിയ ഉത്തരേന്ത്യക്കാരനായ എം.പി ചോദിച്ചു: തെരഞ്ഞെടുപ്പിന് എത്ര ചെലവായി?

കാര്യമായൊന്നും ചെലവായില്ലെന്ന് രാജേഷിൻ്റെ മറുപടി, ഉത്തരേന്ത്യന്‍ എം.പിക്ക് അമ്പരപ്പായി
തനിക്ക് 30 കോടി രൂപ തെരഞ്ഞെടുപ്പിന് ചെലവായി എന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്പരപ്പ് എം.ബി രാജേഷിനായി. ഇത്രയും കാശ് എവിടുന്നുണ്ടാക്കിയെന്ന് അമ്പരപ്പ് മാറാതെ രാജേഷ് ചോദിച്ചു. താന്‍ 6,000 കോടി വിറ്റുവരവുള്ള സാധാരണ ബിസിനസുകാരൻ ആണെന്നായിരുന്നു ഉത്തരേന്ത്യന്‍ എം.പിയുടെ മറുപടി. പിന്നീട് രാജേഷിന് അവിടെ പരിചയപ്പെടാനായത് ഇതേ രീതിയിലുള്ള കൂടുതല്‍ എം.പിമാരെയാണ്.

പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമായിരുന്നു ഒരു വിറ്റുവരവിൻ്റെ കണക്കും പറയാനില്ലാത്ത സാധാരണക്കാരായ എം.പിമാരെന്ന് സ്‌പീക്കര്‍ രാജേഷ് പറഞ്ഞു. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ബി.പി.എല്‍ എം.പിമാരെന്നും മറ്റുള്ളവര്‍ എ.പി.എല്‍ എം.പിമാരെന്നും അറിയപ്പെട്ട് തുടങ്ങിയത് അങ്ങനെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുന്‍ നിയമസഭാ സാമാജികരുടെ കൂട്ടായ്‌മയായ സ്‌റ്റേറ്റ് ഫോര്‍മര്‍ എം.എല്‍.എ ഫോറം സംഘടിപ്പിച്ച മുന്‍ സാമാജിക സമ്മേളനം നിയമ സഭാമന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്‌ഘാടനം ചെയ്യവേയാണ് തൻ്റെ പാര്‍ലമെന്റ് അനുഭവം സ്‌പീക്കര്‍ പങ്കുവച്ചത്.
