
കുറ്റിക്കോൽ/കാസർകോട്: ജിനോ ജോസിന്‍റെ മരണത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്ത് 12 ആം വാർഡ് അംഗവുമായ ജോസ് പാറത്തട്ടേലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി ബേഡകം പോലീസ് ഓഫീസർ ഉത്തംദാസ് ചാനൽ ആർ.ബിയോട് പറഞ്ഞു. മാനസിക പീഡനത്തെ തുടർന്ന് ജിനോ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സഹോദരൻ ബേഡകം പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസ്സെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498(A), 306 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്ത്
ജോസ് പാറത്തട്ടേലിനും അമ്മയ്ക്കുമെതിരെയും മാനസികവും ശാരീരികവുമായ പീഡനത്തിനും ആത്മഹത്യാ പ്രേരണാ കുറ്റത്തിനുമാണ് കേസ്. സ്ത്രീക്കെതിരെയുള്ള മർദ്ദനം, ഗാർഹിക പീഡനം തുടങ്ങിയവ കൂടുതൽ അന്വേഷണത്തിൽ പുറത്ത് വന്നേക്കും. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
കാസർകോട് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധിയും കരിവേടകം സ്വദേശിയുമായ ജോസിനെതിരെ മുമ്പും പരാതികൾ ഉണ്ടായിരുന്നു. വീട്ടമ്മയുടെ മരണത്തോടെ നാല് പിഞ്ചുകുട്ടികൾ നിരാലംബരായി. ജിനോ ജോസിന്‍റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരാൻ സി.പി.എം ബേഡകം ഏരിയ കമ്മിറ്റി, ഡി.വൈ.എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവത്തിൽ കോൺഗ്രസ് ജില്ലാ, മണ്ഡലം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
