
‘കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: പല്ല് പറിച്ചു കളയാനും നിവൃത്തിയില്ലാതെ കാസർകോട് ജനറൽ ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. വിദഗ്‌ധ ചികിത്സയില്ലെങ്കിലും സാധാരണ ദന്ത പരിചരണ ചികിത്സയ്ക്ക് പിന്നെയും ദിവസങ്ങൾ കാത്തിരിക്കണം. പല്ലു വേദനയ്ക്കുള്ള ഗുളിക കിട്ടാൻ കുറിപ്പടി എഴുതി വാങ്ങാനുള്ള കേന്ദ്രം മാത്രമായി ജനറൽ ആശുപത്രി മാറുന്നതിന് എന്നാണ് മാറ്റം വരിക. ‘ഏത് ആരോഗ്യ പരിരക്ഷാ നിയമങ്ങളാണ് പല്ല് കൊഴിഞ്ഞു പോകുന്ന ധർമ്മാശുപത്രികൾക്ക് സംരക്ഷണമാകുക.’
രോഗികൾ പറയുന്നത്
‘അസഹ്യമായ പല്ല് വേദനയെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തി ഒ.പി ടിക്കറ്റ് കിട്ടാൻ രാവിലെ തന്നെ മണിക്കൂറുകളോളം ക്യൂ നിൽക്കണം. ദന്ത ഡോക്ടറുടെ ഡ്യൂട്ടി സമയം പത്ത് മുതൽ ഒരുമണി വരെയാണ്. ശരാശരി 50 മുതൽ 60 വരെ മാത്രം രോഗികളെയാണ് ഒരു ഡോക്ടർക്ക് പരിശോധിക്കാൻ സമയം കിട്ടുക. 45-50 ടോക്കൺ ആണ് ഒരു ഡോക്ടർക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒ.പി ടിക്കറ്റ് കിട്ടിയാൽ ഡോക്ടറെ കാണാം. കുറിപ്പടി പ്രകാരം മരുന്ന് വാങ്ങി എക്സ്റേ എടുക്കാൻ പിന്നെയും കാത്തിരിക്കണം. ഉച്ചയ്ക്ക് ശേഷം മാത്രമാണ് ദന്ത എക്സ്റേ വിദഗ്‌ധൻ്റെ സേവനം ഉള്ളത്.’ എന്നാണ് രോഗികളുടെ പരാതി.

‘പല്ലിൻ്റെ എക്സ്റേ ചിത്രം വൈകുന്നേരത്തോടെ കിട്ടിയാലും ദന്ത ഡോക്ടറെ കാണാൻ കഴിയില്ല. പിറ്റേദിവസം വീണ്ടും ആശുപത്രിയിൽ വരണം. എക്സ്റേ റിപ്പോർട്ട് അടിസ്ഥാനത്തിൽ വിദഗ്‌ധ ചികിത്സ വേണമെങ്കിൽ പിന്നെ എന്ത്? ഈ ചോദ്യം ബാക്കി. ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ചികിത്സാ സംവിധാനങ്ങളും നിലവിൽ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.’ രോഗികൾ പറയുന്നു.
വിദഗ്‌ധരുണ്ട്, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും
പല്ലുകളിലെ കേട്, മോണരോഗം, മുച്ചുണ്ട്, വായിലും മുഖത്തും ഉണ്ടാകുന്ന വേദനകൾ, വായിലുണ്ടാകുന്ന അർബുദങ്ങൾ, വായനാറ്റം എന്നിങ്ങനെ ദന്ത സംബന്ധമായ രോഗങ്ങൾ നിരവധിയാണ്.
ഇവയെല്ലാം ഒഴിവാക്കാൻ തക്കസമയത്ത് കണ്ടെത്തി ചികിത്സിക്കാൻ കഴിയണം.
കാസർകോട്ടെ ജനങ്ങൾക്ക് ദന്ത സംരക്ഷണത്തിന് സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും സമീപിക്കേണ്ട സ്ഥിതിയാണുള്ളത്.
കയ്യിൽ പണമുള്ളവർ മംഗലാപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സ തേടുന്നുണ്ട്. പാവങ്ങൾ എന്ത് ചെയ്യും. കൂലിപ്പണിയെടുത്തും കൃഷി ചെയ്തും ഒരു തൊഴിലും ഇല്ലാത്തവർ എന്ത് ചെയ്യും. ദന്ത ചികിത്സയ്ക്കും പല്ലു പറിക്കാനും വിദഗ്‌ധ ചികിത്സയ്ക്കും മാർഗമില്ലാത അവസ്ഥയാണ്.

കുട്ടികളുടെ ഇളകിയ പല്ലുകൾ രക്ഷിതാക്കൾ തന്നെ പറിക്കുന്ന സ്ഥിതിക്കും സാധാരണക്കാർ ഇപ്പോഴും വീട്ടിൽ നിന്നും സ്വയം പല്ലു പറിക്കുന്നതിനും ഇനിയും മാറ്റം വന്നിട്ടില്ല.
പല്ലിലെ പ്ലാക്കും കാൽക്കുലസും
പല്ലിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണ പദാർഥങ്ങൾ യഥാസമയം വൃത്തിയാക്കാതെ വരുമ്പോൾ അത് പല്ലുകളുടെ മുകളിലും പല്ലിലും മോണയ്ക്കും ഇടയിലുള്ള ഭാഗങ്ങളിലും അടിഞ്ഞുകൂടും. ബാക്ടീരിയകൾ വളരുകയും ചെയ്യും. ആഹാര ശകലങ്ങളും ബാക്ടീരിയകളും ചേർന്നുള്ള ഒരു നേർത്ത പാളി പല്ലിന് മുകളിൽ രൂപപ്പെടുന്നു. അതിനെ പ്ലാക്ക് എന്ന് പറയുന്നു. ഇത് ബ്രഷുകൾ കൊണ്ട് നീക്കം ചെയ്യാൻ കഴിയും.
പ്ലാക്കിലെ ബാക്ടീരിയകൾ പല്ലിൻ്റെ ഇനാമലിൽ നിരവധി ചെറിയ സുഷിരങ്ങൾ ഉണ്ടാക്കുന്നു. പിന്നീട് അതൊരു വലിയ പോടായി മാറി ദന്തക്ഷയം സംഭവിക്കുന്നു. ഇനാമലിൻ്റെ ഉള്ളിലുള്ള പാളിയായ ഡെന്റിനിലേക്ക് കേട് എത്തിച്ചേരുമ്പോൾ പുളിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല്ലിൻ്റെ ഏറ്റവും അകത്തെ പാളിയായ ദന്തമജ്ജയെ ഇത് ബാധിക്കുമ്പോൾ ശക്തമായ വേദനയും അനുഭവപ്പെടാം.
പ്ലാക്ക് നീക്കം ചെയ്യാത്ത പക്ഷം അത് കട്ട പിടിച്ച് കാൽക്കുലസ് എന്ന മഞ്ഞ നിറത്തിലുള്ളതോ തവിട്ട് നറത്തിലുള്ളതോ ആയ കട്ടിയുള്ള ആവരണമായി മാറും. അത് നീക്കം ചെയ്യാൻ ഒരു ദന്തഡോക്ടറുടെ സഹായം ആവശ്യമായി വരും. അല്ലെങ്കിൽ മോണ വീർത്ത് മോണപഴുപ്പ് എന്ന അവസ്ഥയുണ്ടാകുന്നു. പിന്നീട് പല്ല് അതിന് ചുറ്റുമുള്ള മോണയിൽ നിന്നും എല്ലിൽ നിന്നും വിട്ടുമാറുകയും ക്രമേണ പല്ലുകൾ നഷ്ടമാവുകയും ചെയ്യും. പ്ലാക്കും കാൽക്കുലസും മറ്റ് കറകളും ഒക്കെ നീക്കം ചെയ്യാനാണ് പല്ല് ക്ലീനിങ് ആവശ്യമായി വരുന്നത്.
പല്ലില്ലാത്ത മുഖങ്ങൾ
ഈ ആധുനിക കാലത്തും മലയാളികൾക്ക് വാർദ്ധക്യം തുടങ്ങുമ്പോഴേ പല്ലുകൾ കൊഴിഞ്ഞ മുഖങ്ങളാണ്. യഥാസമയം ദന്ത പരിചരണവും ചികിത്സയും നടത്താത്തത് കൊണ്ടാണെണെന്നാണ് ഇതിന് കാരണമായി ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ദന്ത സംബന്ധമായ രോഗങ്ങൾ ചികിത്സിക്കുക മാത്രമല്ല അത് ഉണ്ടാകാതെ നോക്കേണ്ടതും വളരെ അത്യാവശ്യമാണ്. ദന്ത പരിചരണത്തിലെ ആധുനിക സംവിധാനങ്ങൾ സർക്കാർ മേഖലയിൽ വ്യാപകമായി ലഭ്യമാക്കേണ്ടതുണ്ട്.
ബോധവൽക്കരണം തീരെയില്ല
പുകവലി, മദ്യപാനം, തെറ്റായ ഭക്ഷണക്രമം തുടങ്ങിയ വായ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന ബാഹ്യമായ കാരണങ്ങൾ കണ്ടെത്തി അവയെ കുറിച്ച് ബോധവത്കരണം സർക്കാർ തലത്തിൽ ഊർജിതപ്പെടുത്തണം. ദന്ത ആരോഗ്യം മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, മികച്ച ദന്ത സംരക്ഷണം എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയും അനിവാര്യമാണ്.
ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ബോധവത്ക്കരണ ക്ലാസുകൾ, ചികത്സയുടെ ചിലവ് താങ്ങാൻ കഴിയാത്ത രോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ ലഭ്യമാക്കുക, പ്രായമായവർക്കുള്ള സൗജന്യ പല്ല് സെറ്റുകളുടെ വിതരണം, സൗജന്യ ഡെന്‍റൽ ക്ലിനിക്കുകൾ തുടങ്ങുക, സ്‌കൂൾ കുട്ടികൾക്കുള്ള ബോധവത്കരണവും ദന്ത രോഗങ്ങൾക്കെതിരെ പ്രതിരോധ ചികിത്സകളും സംഘടിപ്പിക്കുക, വൃദ്ധസദനങ്ങളിൽ ചികത്സാ ക്യാമ്പ് നടത്തുക, വായ സംബന്ധമായ കാൻസർ സ്ക്രീനിംഗും വിദഗ്‌ധ ചികിത്സയും തുടങ്ങി സമൂഹത്തിന്‍റെ സമ്പൂർണ ദന്തസംരക്ഷണ പ്രവര്‍ത്തനങ്ങൾക്ക് സംസ്ഥാന വ്യാപകമായി പദ്ധതികൾ ശക്തിപ്പെടുത്തേണ്ടതുണ്ട് .
