
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി സുരേന്ദ്ര കോലിയെ കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ടത്. കേസിലെ മറ്റൊരു പ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ടു കേസുകളിലും കുറ്റവിമുക്തനാക്കി. ഈ കേസുകളില്‍ മൊനീന്ദര്‍ സിങ്ങിനും വിചാരണ കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഥാരി കൂട്ടക്കൊല. 2005 മുതല്‍ 2006 വരെയുള്ള കാലയളവിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെ ആണ് കൂട്ടക്കൊല പുറംലോകം അറിഞ്ഞത്. 17 ഓളം കുട്ടികളുടെ അസ്ഥികൂടമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.

കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന സുരേന്ദ്ര കോലി ഇവരെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു.
കുട്ടികളുടെ മൃതദേഹങ്ങളോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് പറഞ്ഞിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ആണ് ഇയാളും കേസില്‍ പിടിയിലായത്.
നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷയും വിധിച്ചിരുന്നു. 2014 സെപ്റ്റംബര്‍ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങിയെങ്കിലും സുപ്രീംകോടതി റദ്ദാക്കി. ഇത് വധശിക്ഷ നടപ്പാക്കുന്നതിൻ്റെ ഒന്നര മണിക്കൂര്‍ മുമ്പായിരുന്നു.
