
കുടിവെള്ളത്തിലും ശീതളപാനീയങ്ങളിലും സാനിറ്റൈസർ കലർത്തി കുടിച്ച ഒൻപത് പേർ മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലിയിലെ കുറിച്ചെഡുവിലാണ് സംഭവം. കൊവിഡ് 19 വ്യാപനം അതിരൂക്ഷമായതോടെ ഈ മേഖലകളിൽ ലോക്ക് ഡൗണിലാണ്. ഇത് മൂലം ഏതാനും നാളുകളായി ഇവിടുത്തെ മദ്യക്കടകൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ദിവസങ്ങളായി സാനിറ്റൈസർ മദ്യത്തിന് പകരമായി കഴിച്ചുകൊണ്ടിരുന്ന ഒൻപത് പേരാണ് മരണമടഞ്ഞതെന്ന് പ്രകാശം ജില്ലാ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കൌശൽ വ്യക്തമാക്കി.

ഇവർ കഴിച്ച സാനിറ്റൈസറിൽ മറ്റെന്തെങ്കിലും കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധന നടക്കുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. പത്ത് ദിവസത്തോളമായി ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയതായി പോലീസ് വിശദമാക്കുന്നു. കുറിച്ചെഡു മേഖലയിൽ പ്രചാരത്തിലുള്ള സാനിറ്റൈസറുകളുടെ സാമ്പിളുകളും പരിശോധിക്കും. പ്രകാശം ജില്ലയിലെ കുറിച്ചെഡുവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മദ്യക്കടകൾ അടച്ചതോടെ സ്ഥിരം മദ്യപാനികൾ വ്യാജമദ്യവും സാനിറ്റൈസറുമാണ് കുടിക്കുന്നത്.
