
കാസർക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു. വലിയ അപകടമാണ് രാത്രി 12 മണിക്ക് ശേഷം നടന്നത്. നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന ഷെഡിലേക്ക് വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേർന്നുള്ള ഷീറ്റ് പാകിയ ഷെഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് സമീപം നിന്നിരുന്നവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്ക് വീഴ്ച സംഭവിച്ചതായാണ് വിവരം. ആയിരകണക്കിന് ഭക്തർ ഒരുമിച്ച് കൂടുന്ന സ്ഥലത്തോട് ചേർന്ന് വെടിമരുന്ന് പുര ഒരുക്കിയതിൽ വലിയ വീഴ്ച സംഭവിച്ചു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
