
കാസർകോട്: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പുതിയ ഐ. പി കെട്ടിടത്തിലേക്കുള്ള വഴി ഞായറാഴ്ച അവധി ദിവസം ഉപേക്ഷിച്ചു കൊണ്ട് ആശുപത്രി ജീവനക്കാർ ശ്രമദാന ഭാഗമായി കോൺക്രീറ്റ് ചെയ്യുകയും ആശുപത്രി ഉപകരണങ്ങൾ പഴയ കെട്ടിടത്തിൽ നിന്ന് പുതിയതിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടിയിൽ പരം രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്കാണ് ഐ.പി വിഭാഗം മാറ്റിയത്.

ഇതോടുകൂടി ആശുപത്രിയുടെ ഐ. പി വിഭാഗം പൂർണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇത് വരെ ഡയാലിസിസ് കേന്ദ്രവും കൊവിഡ് വാക്സിനേഷനും മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത് . പഴയ കെട്ടിടം 12 കോടിയുടെ പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണത്തിന് വേണ്ടി പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരിക്കയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നീലേശ്വരം മുൻസിപ്പാലിറ്റിയിൽ നടന്നു വരുന്നു

ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദിൻ്റെയും ഡോ. സന്ധ്യയുടെയും നേതൃത്വത്തിൽ ആശുപത്രിയില മുഴുവൻ ജീവനക്കാരും അവധി ഉപേക്ഷിച്ചു കൊണ്ടുള്ള ഇന്നത്തെ ശ്രമദാനത്തിൽ പങ്കെടുത്തു.
