സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയിഡ്; കേരളത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയിഡ്; കേരളത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെമൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്‌ഡ്‌ നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. ഡിജിറ്റൽ രേഖകളും നാല് ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്.

ബംഗളൂരു സ്ഫോടനക്കേസ് പ്രതിയായിരുന്ന പാനായിക്കുളം സ്വദേശിയുമായ സീനിമോന്‍റെ വീട്ടിലും പരിശോധന നടത്തി. ഇയാളോട് വ്യാഴാഴ്‌ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റെയ്‌ഡ്‌ നടന്ന സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ വർഷം മംഗളൂരുവിൽ നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിൽ എൻ.ഐ.എ റെയ്‌ഡ്‌. കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കേരളത്തിലെത്തിയ സ്ഥലങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്.

കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വ്യാപക പരിശോധനകൾ നടന്നു. കോയമ്പത്തൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആയിരുന്നു റെയ്‌ഡ്.

0Shares