
രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് നൽകിയത് മലയാളി ഗവേഷകൻ്റെ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. എ.വി. സുധികുമാറിൻ്റെ പേര് ചേർത്താണ് ‘സ്യൂഡോമോഗ്രിസ് സുധി’ എന്ന പേര് നൽകിയിരിക്കുന്നത്.
ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ചിലന്തി ഗവേഷകരായ ഡോ. ദിമിത്രി ലുഗനോവിൻ്റെ നേതൃത്വത്തിൽ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണ ത്രിപാഠിയും ആശിഷ്‌കുമാർ ജൻഗിദും നടത്തിയ പഠനത്തിലാണ് പുതിയ ചിലന്തിയെ കണ്ടെത്തിയത്.

ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം നാല് മില്ലിമീറ്റർ മാത്രമാണ്. കടുംതവിട്ടുനിറത്തിലുള്ള ആൺചിലന്തിയുടെ ശിരസ്സിൽ ചെറിയ വെളുത്ത രോമങ്ങൾ കാണാം. പെൺചിലന്തിയുടെ മഞ്ഞനിറത്തിലുള്ള തലയിൽ കറുത്ത കണ്ണുകൾ കാണാം.
