വലിയൊരു യജ്ഞമാണ് നവകേരള സദസ്; ഭരണ നിര്‍വഹണത്തിലെ പുതിയ അധ്യായമെന്നും മുഖ്യമന്ത്രി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വലിയൊരു യജ്ഞമാണ് നവകേരള സദസ്; ഭരണ നിര്‍വഹണത്തിലെ പുതിയ അധ്യായമെന്നും മുഖ്യമന്ത്രി

ഭരണ നിര്‍വ്വഹണത്തിലെ പുതിയ ഒരധ്യായമാണ് നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസെന്നും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെ ഉള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മെച്ചപ്പെട്ട ഭരണ നിര്‍വ്വഹണം അതിൻ്റെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടന്ന അദാലത്തുകള്‍.

മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തുകള്‍ വലിയ വിജയമായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത് അവലോകനം നടന്നു. തുടര്‍ന്ന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങള്‍ നടന്നു.

അതിദാരിദ്ര്യം, വിവിധ മിഷനുകള്‍, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങള്‍ എന്നിങ്ങനെ അഞ്ചു വിഷയങ്ങള്‍ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികള്‍ എന്നിവയാണ് ചര്‍ച്ച ചെയ്‌തു തീരുമാനത്തിലേക്ക് പോയത്.

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്. ജനാധിപത്യം അതിൻ്റെ എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബര്‍ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140 മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഡിസംബര്‍ 24ന് തിരുവന്തപുരത്ത് നവകേര സദസ് സമാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares