നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം; കാസർകോട് വികസന പാക്കേജിൽ അനുമതിയായി

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം;  കാസർകോട് വികസന പാക്കേജിൽ അനുമതിയായി

നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പ്രത്യാശ ബഡ്‌സ് സ്‌കൂളിന് കാസർകോട് വികസന പാക്കേജിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. നീലേശ്വരം നഗരസഭ ചിറപ്പുറത്ത് അനുവദിച്ച 40 സെൻറ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ, മടിക്കൈ, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 48 കുട്ടികളാണ് നിലവിൽ നീലേശ്വരം ബഡ്‌സ് സ്‌കൂളിൽ പഠിക്കുന്നത്.

ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെൻറ് സ്ഥലം അനുവദിച്ചത്. ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കു വേണ്ടി നീലേശ്വരം നഗരസഭ ആരംഭിച്ച സ്‌നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രവും ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുവാനുള്ള കെട്ടിടവും അനുബന്ധമായി ഒരുക്കും.

കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ ബഡ്‌സ് സ്‌കൂൾ നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ അനുവദിച്ച സ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ശാന്ത ടി.വി, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, നഗരസഭാ സെക്രട്ടറി എ. ഫിറോസ്ഖാൻ, നഗരസഭാ എഞ്ചിനീയർ സി. രജീഷ് കുമാർ, മുൻപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ദാമോദരൻ, എ.വി. സുരേന്ദ്രൻ, കെ. രഘു, ഒ.വി. രവീന്ദ്രൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.

0Shares