വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

  • Post category:local news / news
  • Reading time:1 min read
You are currently viewing വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരിക്കാൻ ബി.ജെ.പി നേതാക്കൾ കോഴ നൽകിയതായി എൻ.എ.നെല്ലിക്കുന്ന് എം.എം.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാസർകോട് മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് വോട്ടു ചെയ്യാതിരിക്കാൻ രണ്ട് ലക്ഷം രൂപ വിതരണം ചെയ്തതെന്ന് ആരോപിച്ചാണ് പരാതി.

ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് വോട്ട് ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടാണ് പണം നൽകിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക യു.ഡി.എഫ് നേതാക്കൾ വിവരം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പിറ്റേന്ന് തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നുവെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിക്കു പണം നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടവെയാണ് തൊട്ടടുത്ത മണ്ഡലത്തിലെ വോട്ടർമാർക്കു പണം നൽകിയെന്ന പരാതിയും ബി.ജെ.പിക്കെതിരെ ഉയരുന്നത്.

0Shares