
പീതാംബരൻ കുറ്റിക്കോൽ
കാന്തശക്തിയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു സഖാവ് ഇ.കെ നായനാർ. കൃഷ്ണപിള്ളയുടെ സംഘാടനവും എ.കെ.ജിയുടെ സമരപാടവവും ഇ.എം.എസ്സിന്‍റെ ഉയർന്ന ചിന്താധാരയും കേരളത്തിൽ തൊഴിലാളി വർഗ-കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വേരോട്ടത്തിന് നിദാനമായി. ഉച്ചനീചത്വങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും അരനൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഐതിഹാസിക സമരങ്ങളിലൂടെ ഉഴുതുമറിച്ച മണ്ണിൽ ഇടത്-കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു.
ആ കരുത്തിൽ പിടിച്ചുനടന്ന ജന സേവകനായ നർമബോധമുള്ള പ്രിയ നേതാവായിരുന്നു ഏറമ്പാല കൃഷ്ണൻ നായനാർ എന്ന നായനാർ. തങ്ങളിലൊരാളാണ് എന്ന് ജനങ്ങളില്‍ തോന്നലുണ്ടാക്കുക എന്നതാണ് ഒരു നേതാവിന്‍റെ ഏറ്റവും വലിയ വിജയം. എത്താക്കൊമ്പത്തെ അധികാര കസേരയിലിരിക്കുന്നവരെ സാധാരണക്കാര്‍ക്ക് അത്ര പഥ്യമല്ല.
നായകന്‍ എന്നാണ് നായനാര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവിന് ഇതിലും മികച്ചൊരു പേരില്ല. കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, നിയമസഭാ സാമാജികന്‍, ഭരണാധികാരി.. അങ്ങനെ ഇ.കെ നായനാരെന്ന സഖാവിന് മുന്നിലും പിന്നിലുമായി ചേര്‍ക്കാവുന്ന വിശേഷണങ്ങള്‍ അനവധി. രാഷ്ട്രീയപരമായി എത്രയേറെ അഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് പോലും വെറുക്കാനാവാത്ത വ്യക്തിത്വമായിരുന്നു നായനാരുടേത്.
മരണശേഷവും മരിക്കാത്ത നായനാരുടെ വഴിയിൽ തലമുറകൾ ചെങ്കൊടിയേന്തുന്നു.
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി,പോളിറ്റ് ബ്യൂറോ അംഗം, നിയമസഭയിലും ലോകസഭയിലും അംഗം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചു. സഖാവിനെതിരെ ഒരിക്കലും ഒരു അഴിമതി ആരോപണം പോലും രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കപ്പെട്ടിട്ടില്ല.
നർമ്മപ്രിയനായ നേതാവ്
പച്ചയായ സംസാര രീതിയായിരുന്നു നായനാരുടേത്. ഒരിക്കല്‍ ഇടപെട്ട ആര്‍ക്കും മറക്കാനാവില്ല. നര്‍മ്മം കലര്‍ന്ന സംസാരമാണ് നായനാരെ വളരെപ്പെട്ടെന്ന് തന്നെ ജനകീയനാക്കിയത്. ജനകീയ ഇടപെടലുകളും പ്രിയങ്കരനാക്കി. രാഷ്ട്രീയത്തിലെ ബന്ധശത്രുക്കള്‍ പോലും വ്യക്തി ജീവിതത്തില്‍ നായനാരുടെ ആത്മമിത്രങ്ങളായിരുന്നു.
കണ്ണൂരിൽ ജനനം
കേരളത്തിലെ മികച്ച കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം ജന്മം നല്‍കിയ കണ്ണൂരിന്‍റെ മണ്ണില്‍ 1919ഡിസംബര്‍ 9നായിരുന്നു നായനാരുടെ ജനനം. സ്വാതന്ത്ര്യസമര സേനാനികളുടേയും വിപ്ലവകാരിയുടേയും കുടുംബത്തില്‍ പിറന്ന നായനാരുടെ വഴി കുട്ടിക്കാലത്ത് തന്നെ രാഷ്ട്രീയമായിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കെ.പി.ആര്‍ ഗോപാലന്‍ നായനാരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു. നായനാരുടെ രാഷ്ട്രീയ ജീവിതത്തിന് വിത്ത് പാകിയത് കെ.പി.ആര്‍ ആയിരുന്നു.

കമ്മ്യൂണിസ്റ്റ് വഴിയിലേക്ക്…
പത്താം ക്ലാസ്സില്‍ പഠിക്കവേയാണ് നായനാര്‍ ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കാന്‍ പയ്യന്നൂരില്‍ പോയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി. സ്വാതന്ത്ര്യസമരത്തിന്‍റെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. പിന്നീട് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷക്കാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നായനാരും ആ കമ്മ്യൂണിസ്റ്റ് ധാരയുടെ ഭാഗമായി ചേര്‍ന്നു.
ആദ്യത്തെ തടവ് ജീവിതം
പാപ്പിനിശ്ശേരിയില്‍ ആറോണ്‍ മില്‍ പണിമുടക്ക് നടക്കുന്നത്. ഈ സമരവുമായി ബന്ധപ്പെട്ടാണ് നായനാരുടെ ജീവിതത്തിലെ ആദ്യത്തെ തടവുകാലം. ആറ് മാസത്തോളം നായനാര്‍ തടവിലായി. 1939ലെ ഡിസംബറില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ണൂരിലെ പാറപ്രത്ത് രൂപം കൊണ്ടു. ചരിത്രപരമായ ആ കാല്‍വെപ്പിനൊപ്പം ഇ.കെ നായനാരെന്ന യുവാവുമുണ്ടായിരുന്നു.
അനുഭവങ്ങളുടെ തീച്ചൂളയിൽ
നിരവധി കര്‍ഷക-തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന കാലമായിരുന്നു അത്. ജനകീയ സമരങ്ങളുടെയെല്ലാം മുന്‍നിരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായിരുന്നു. കയ്യൂര്‍-മോറാഴ കര്‍ഷക സമരങ്ങളിലെ നേതൃത്വം നായനാര്‍ അടക്കമുള്ള നേതാക്കളെ പോലീസിന്‍റെ നോട്ടപ്പുള്ളികളാക്കി. കൊലക്കയറിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇതോടെ ആറുവര്‍ഷത്തോളം ഒളിവിലിരുന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. ഈ കാലം നായനാരിലെ സഖാവിനെ ഊതിമിനുക്കിയെടുത്തു.
പാർട്ടി നേതൃത്വത്തിലേക്ക്
ഒളിവ് ജീവിതത്തിന് ശേഷം പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം നായനാര്‍ ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. അതിനിടെ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സി.പി.എമ്മിനൊപ്പം നിന്നു. സി.പി.എമ്മിന്‍റെ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. 1972ല്‍ സി.എച്ച് കണാരന്‍റെ മരണത്തോടെ സി..പിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കും നായനാരെത്തി.
മുഖ്യമന്ത്രി പദത്തിലേക്ക്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള നായനാരുടെ സുപ്രധാന ചുവടുവെപ്പ് 1967ലായിരുന്നു. പാലക്കാട് നിന്നും മത്സരിച്ച് നായനാര്‍ പാര്‍ലമെന്റിലെത്തി. കേരള നിയമ സഭയിലേക്കെത്തിയത് 1974ല്‍ ആയിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ആദ്യമായി നിയമസഭയിലെത്തിച്ചു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ നായനാര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രിക്കസേരയിലെത്തുന്നത് 1980ല്‍.
ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി
മലമ്പുഴയില്‍ നിന്നും ജയിച്ച് മുഖ്യമന്ത്രിക്കസേരയിലെത്തിയ നായനാര്‍ക്ക് പക്ഷേ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് (എ) (ആന്റണി), കേരള കോണ്‍ഗ്രസ്സ് (മാണി) വിഭാഗങ്ങളുടെ പിന്തുണയോടെയായിരുന്നു മുഖ്യമന്ത്രിയായത്. പിന്തുണ പിന്‍വലിച്ചതോടെ 98ല്‍ രാജി വെയ്‌ക്കേണ്ടി വന്നു. പിന്നീട് 1987-91, 1996-2001 കാലഘട്ടങ്ങളിലും നായനാര്‍ മുഖ്യമന്ത്രി പദം അലങ്കരിച്ചു. 11വര്‍ഷത്തോളം, അതായത് 3999 ദിവസം മുഖ്യന്‍റെ കസേരയിലിരുന്ന നായനാര്‍ക്ക് കേരളത്തിൽ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കോര്‍ഡുമുണ്ട്. പരമ്പരാഗത വ്യവസായ തൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമപദ്ധതികളുടെ ശില്പിയാണ്.
ജനകീയാസൂത്രണം, ടെക്നോപാർക്ക്, സമ്പൂർണസാക്ഷരത എന്നിവയെല്ലാം കേരള വികസന ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള പേരാക്കി അദ്ദേഹം അടയാളപ്പെടുത്തി.
മരിച്ചിട്ടും മറക്കാതെ നായനാർ
കടുത്ത പ്രമേഹരോഗമാണ് നായനാരുടെ ജീവിത്തില്‍ വില്ലനായി വന്നത്. അസുഖ ബാധിതനായി 2004ഏപ്രിലില്‍ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് പോകവേ ലിഫ്റ്റില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് യാത്ര പറയവേ അവിടെക്കൂടിയ മുഴുവന്‍ പേരെയും കരയിപ്പിച്ചത് ഇന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. ജനങ്ങളെ അതിരറ്റു സ്നേഹിച്ചു, ജനങ്ങൾ തിരിച്ചും. ചികിത്സയില്‍ കഴിയവേ മെയ് 19ന് വൈകിട്ടുണ്ടായ ഹൃദയാഘാതം നായനാരുടെ ജീവനെടുത്തു.
സഖാവിന്‍റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെ പയ്യാമ്പലംവരെയുള്ള യാത്രയിൽ ജനങ്ങൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ഓർക്കുന്നു. എന്തൊരു വികാര പ്രകടനമായിരുന്നു നിരത്തുവക്കിൽ മണിക്കൂറുകൾ കാത്തുനിന്ന ജനലക്ഷങ്ങളിൽ നിന്നുണ്ടായത്. മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിക്ക് അത്രമേല്‍ സജീവമാണ് നായനാരുടെ ഓര്‍മ്മകള്‍. സഖാവിന്‍റെ മരിക്കാത്ത സ്മരണകൾക്ക് മുന്നിൽ നാടെങ്ങും പ്രഭാതഭേരിയോടെ പതാകയുയർത്തി അനുസ്മരണം നടന്നു.
