
വ്യാജ വാര്‍ത്തകള്‍ക്കും അവയുടെ പ്രചാരണത്തിനും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വിഷയത്തെ ദേശീയതലത്തില്‍ ആശങ്ക സൃഷ്ടിക്കാവുന്ന വിധത്തിലാക്കാന്‍ ഒരു വ്യാജവാര്‍ത്തയ്ക്ക് കെല്‍പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സൂരജ് കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗമായ ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഒരാള്‍, ഏതു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് പത്തുവട്ടം ചിന്തിക്കണം. അത് വിശ്വസിക്കുന്നതിന് മുമ്പ് യഥാർത്ഥമാണോയെന്ന് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും ഏത് വിവരത്തിൻ്റെയും യാഥാര്‍ഥ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്.

വ്യത്യസ്ത ഇടങ്ങളില്‍ തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ചുള്ള പുതിയ അറിവ് ലഭിക്കും”- പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമ വിരുദ്ധമായ ഉള്ളടക്കത്തിനും തെറ്റായ വിവരങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടതുണ്ട്: രാജീവ് ചന്ദ്രശേഖർ
ഐ.ടി നിയമങ്ങളിലെ ഏറ്റവും പുതിയ ഭേദഗതി സോഷ്യൽ മീഡിയ കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിൽ നിയമ വിരുദ്ധമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പോസ്റ്റ് ചെയ്യാതിരിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കൃത്യമായ ജാഗ്രതാ ബാധ്യതകൾ നൽകുമെന്ന് ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ശനിയാഴ്‌ച പറഞ്ഞു.
തർക്ക വിഷയമായ ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തീരുമാനങ്ങൾക്ക് എതിരെ ഉപയോക്താക്കൾക്ക് ഉണ്ടായേക്കാവുന്ന പരാതികൾ പരിഹരിക്കുന്നതിന് അപ്പീൽ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ സർക്കാർ വെള്ളിയാഴ്‌ച വിജ്ഞാപനം ചെയ്തു.
മൂന്നംഗ പരാതി അപ്പീൽ കമ്മിറ്റികൾ (ജി.എ.സി) രൂപീകരിക്കുന്നതിനെ കുറിച്ച് മന്ത്രി പറഞ്ഞു, പരാതികൾ നൽകിയിട്ടും സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ പരാതികളോട് പ്രതികരിക്കാത്ത പൗരന്മാരിൽ നിന്നുള്ള ലക്ഷക്കണക്കിന് സന്ദേശങ്ങളെ കുറിച്ച് സർക്കാരിന് അറിയാവുന്നതിനാലാണ് ഈ നീക്കം അനിവാര്യമായതെന്ന് മന്ത്രി പറഞ്ഞു. അത് അംഗീകരിക്കാനാവില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.
‘ഡിജിറ്റൽ പൗരന്മാരുടെ’ താൽപര്യങ്ങൾ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ പങ്കാളികളായി പ്രവർത്തിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“നേരത്തെ ഇടനിലക്കാരുടെ ബാധ്യതകൾ ഉപയോക്താക്കളെ നിയമങ്ങൾ അറിയിക്കുന്നതിൽ പരിമിത പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ കൃത്യമായ ബാധ്യതകൾ ഉണ്ടാകും. പ്ലാറ്റ്‌ഫോമിൽ നിയമ വിരുദ്ധമായ ഉള്ളടക്കം പോസ്റ്റ് ചെയ്യാതിരിക്കാൻ ഇടനിലക്കാർ ശ്രമിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ബിഗ് ടെക് കമ്പനികൾക്കുള്ള ശക്തമായ സന്ദേശത്തിൽ, പ്ലാറ്റ്‌ഫോമുകളുടെ കമ്മ്യൂണിറ്റി മാർഗ്ഗ നിർദ്ദേശങ്ങൾ, അവ യു.എസിലോ യൂറോപ്പിലോ ആസ്ഥാനമായാലും, അത്തരം പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ ഇന്ത്യക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമാകില്ലെന്ന് മന്ത്രി തറപ്പിച്ചു പറഞ്ഞു.
ഫ്ലാഗിംഗ്, ഏതെങ്കിലും “തെറ്റായ” അല്ലെങ്കിൽ നിയമ വിരുദ്ധമായ ഉള്ളടക്കം അല്ലെങ്കിൽ മതത്തിൻ്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ അക്രമം പ്രേരിപ്പിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ ശത്രുത വളർത്തുന്ന ഉള്ളടക്കം എന്നിവ ഫ്ലാഗുചെയ്‌ത് 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
72 മണിക്കൂർ വളരെ കൂടുതലാണെന്നാണ് തനിക്ക് വ്യക്തിപരമായി അഭിപ്രായമെന്നും, നിയമങ്ങൾ അത്തരം ടൈംലൈനുകൾ സ്ഥാപിക്കുമ്പോൾ, നിയമ വിരുദ്ധമായ ഉള്ളടക്കങ്ങളിൽ പ്ലാറ്റ്‌ഫോമുകൾ ഉടനടി അടിയന്തിരമായി പ്രവർത്തിക്കണമെന്നും ചന്ദ്രശേഖർ വാദിച്ചു.
“ഞങ്ങൾ 1-2 ജി.എ.സികളിൽ തുടങ്ങും. ഓംബുഡ്‌സ്മാൻ്റെ റോൾ കളിക്കാൻ സർക്കാരിന് താൽപ്പര്യമില്ല. പരാതിപ്പെടാനുള്ള സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനാൽ ഞങ്ങൾ മനസ്സില്ലാമനസ്സോടെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണിത്,” മന്ത്രി പറഞ്ഞു.
ഏതെങ്കിലും കമ്പനിയെയോ ഇടനിലക്കാരെയോ ടാർഗെറ്റ് ചെയ്യുകയോ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യരുത് എന്നതാണ് ആശയം. ഇൻ്റെർനെറ്റും ഓൺലൈൻ സുരക്ഷയും എല്ലാവരുടെയും പങ്കിട്ട ഉത്തരവാദിത്തമായാണ് സർക്കാർ കാണുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുസരിക്കാത്ത അവർക്കെതിരെ പിഴ ചുമത്തുമോ എന്ന ചോദ്യത്തിന്, ഈ ഘട്ടത്തിൽ ശിക്ഷാ നടപടികൾ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഭാവിയിൽ സാഹചര്യം ആവശ്യപ്പെട്ടാൽ അത് പരിഗണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
