ആമേരിക്കയില്‍ നിന്നെത്തി ഇസ്രായേലിന്‍റെ ഭരണം പിടിച്ച നഫ്താലി ബെനറ്റ്

  • Post category:news
  • Reading time:2 mins read
You are currently viewing ആമേരിക്കയില്‍ നിന്നെത്തി ഇസ്രായേലിന്‍റെ ഭരണം പിടിച്ച നഫ്താലി ബെനറ്റ്

ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നഫ്താലി നേരത്തെ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ അടുപ്പക്കാരനായിരുന്നു. ഇസ്രയേൽ പാര്‍ലമെന്‍റിൽ വിശാല പ്രതിപക്ഷ സഖ്യം വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചതോടെയാണ് നഫ്‌താലി ബെനറ്റ് പുതിയ പ്രധാനമന്ത്രിയായത്.

2006 മുതല്‍ 2008 വരെ, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന നെതന്യാഹുവിന്‍റെ ചീഫ് ഓഫ് സ്റ്റാഫായിരുന്നു ബെന്നറ്റ്. അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ നെതന്യാഹുവുമായി പിരിഞ്ഞ്, ജ്യൂയിഷ് സെറ്റിലേഴസ് കൗണ്‍സിലിന്‍റെ നേതൃസ്ഥാനത്തേക്ക് ബെന്നറ്റ് നീങ്ങി. 2012ല്‍ സജീവ രാഷ്ട്രീയത്തിലേക്കിയ ബെന്നറ്റ് മതകാര്യം, വിദ്യാഭ്യാസം, പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.

പിന്നീട് 2019ലാണ് ബെന്നറ്റ് പാര്‍ട്ടി രൂപീകരിക്കുന്നത്. നെതന്യാഹുവിനേക്കാള്‍ തീവ്ര വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവരാണ് നഫ്താലി ബെന്നറ്റും അദ്ദേഹത്തിന്‍റെ യമീന പാര്‍ട്ടിയും. ഫലസ്തീനെ ഒരു തരത്തിലും അംഗീകരിക്കാത്ത ഒരു ജൂത മത സംഘടന കൂടിയാണ് യമീന. ഫലസ്തീന്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടനയായി മാറിക്കഴിഞ്ഞുവെന്നാണ് ബെന്നറ്റ് ഒരിക്കല്‍ പറഞ്ഞത്.

ബെന്നറ്റിന്‍റെ ഏറ്റവും വിവാദമായ പ്രസ്താവനകളിലൊന്നുണ്ടായത് 2013ലാണ്. തീവ്രവാദികളെ വിചാരണക്കൊന്നും കാത്തുനില്‍ക്കാതെ കൊന്നുകളയണമെന്നായിരുന്നു ബെന്നറ്റ് പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതിരുന്ന ബെന്നറ്റ്, കുറെ അറബികളെ താന്‍ ഈ കൈ കൊണ്ട് കൊന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്‍റെ മാതാപിതാക്കൾ അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഇസ്രായേലിൽ എത്തിയ കുടുംബം ഹയ്‌ഫ നഗരത്തിൽ താമസം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ രാജ്യസ്‌നേഹം മനസിൽ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തിൽ ചേർന്നു. മികച്ച പ്രവർത്തനത്തിലൂടെ തൊണ്ണൂറുകളിൽ കമാൻഡോ ആയി പ്രവർത്തിച്ചു.

സൈന്യത്തിന്‍റെ പല ഓപ്പറേഷനുകളിലും നിർണായക കണ്ണിയായി. പിന്നീട് ജറുസലേമിലെത്തി ഹീബ്രു സർവകലാശാലയിൽ നിയമം പഠിച്ചു. തുടർന്ന് ഐടി രംഗത്തേക്ക് തിരിഞ്ഞു സ്വന്തമായി കമ്പനി സ്ഥാപിച്ചു. 2005ൽ ഈ സ്ഥാപനം 145 മില്യൺ ഡോളറിന് അമേരിക്കൻ സുരക്ഷാ സ്ഥാപനമായ ആർഎസ്എയ്‌ക്ക് വിറ്റു. യുഎസിൽ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിൻ്റെ ലക്ഷ്യം ഇസ്രായേൽ രാഷ്‌ട്രീയമായിരുന്നു. 2006ൽ അദ്ദേഹം രാഷ്‌ട്രീയത്തിൽ എത്തുകയും ചെയ്‌തു.

.

0Shares