‘ദീപ്‌തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ദീപ്‌തി മേരി വർഗീസ് ഉമാ തോമസിന് വോട്ട് ചെയ്‌തില്ലെന്ന് ദല്ലാൾ ടി.ജി നന്ദകുമാർ

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing ‘ദീപ്‌തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ദീപ്‌തി മേരി വർഗീസ് ഉമാ തോമസിന് വോട്ട് ചെയ്‌തില്ലെന്ന് ദല്ലാൾ ടി.ജി നന്ദകുമാർ

ദീപ്‌തി മേരി വർഗീസ് പറഞ്ഞത് കള്ളമെന്ന് വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ. ദീപ്‌തി ഇ.പി ജയരാജനെയാണ് പോയി കണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്‌തി ഉമാ തോമസിന് വോട്ട് ചെയ്‌തില്ല എന്നും നന്ദകുമാർ ഒരു മലയാളം ചാനലിൽ പറഞ്ഞു.

വി.വി പാറ്റ് രസീതിൻ്റെ കോപ്പി തനിക്ക് വാട്‌സ് ആപ്പിൽ അയച്ചുതന്നു. താൻ അത് സൂക്ഷിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാണ് ദീപ്‌തി മേരി വർഗീസ് ഇ.പി ജയരാജനെ പാലാരിവട്ടത്ത് പോയി കണ്ടത്. തൃക്കാക്കരയിൽ മകൻ സ്ഥാനാർത്ഥിയാകുമെന്ന് ദീപ്‌തി തന്നോട് പറഞ്ഞു. ദീപ്‌തി പറഞ്ഞത് അസംബന്ധമാണ്. പത്മജ ഫോണിൽ കൂടി പറഞ്ഞു, ദീപ്‌തി നേരിൽ വന്നു പറഞ്ഞു എന്നും നന്ദകുമാർ പ്രതികരിച്ചു.

ഇ.പി ജയരാജനും പി.രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപ്‌തി മേരി വർഗീസ് രംഗത്തു വന്നിരുന്നു. സി.പി.ഐ.എമ്മിലേക്കും ബി.ജെ.പിയിലേക്കുമുള്ള റിക്രൂട്ടറാണ് ഇ.പി ജയരാജൻ എന്ന് ദീപ്‌തി മാധ്യമങ്ങളോട് പറഞ്ഞു. പി.രാജീവ് ഡമ്മി മന്ത്രിയാണെന്നും ദീപ്‌തി ആരോപിച്ചു.

മഹാരാജാസ് കോളജിൽ ഇടിമുറിക്ക് നേതൃത്വം നൽകിയ ആളാണ് ഇ.പി. പെൺകുട്ടികളോട് ഉൾപ്പെടെ മോശമായി രാജീവ് സംസാരിച്ചിരുന്നു. ആർഷോയെക്കാൾ മോശമായിരുന്നു രാജീവിൻ്റെ പദപ്രയോഗങ്ങൾ. ഇപ്പോഴാണ് രാജീവ് മാന്യമായി സംസാരിക്കുന്നത്. മഹാരാജാസ് കോളജിലെ വിദ്യാർത്ഥി രാജീവ് അവിടെ എന്തിന് വന്നിരുന്നു എന്ന് പറയണം. ഡമ്മി മന്ത്രിയാണ് രാജീവ്. പിണറായിയും മരുമകനും പറയുന്നത് കേൾക്കുകയാണ് രാജീവിൻ്റെ ജോലി. രാജീവ് കൂടുതൽ പറഞ്ഞാൽ ബാക്കി ചരിത്രം കൂടി താൻ പറയുമെന്നും ദീപ്‌തി പ്രതികരിച്ചു.

വിവാദ ദല്ലാള്‍ നന്ദകുമാറിൻ്റെ പ്രസ്‌താവനയില്‍ പ്രതികരണവുമായി നേരത്തെ ദീപ്‌തി മേരി വര്‍ഗീസ് രംഗത്തു വന്നിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നേരിട്ട് തന്നെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നും ദീപ്‌തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ മറ്റൊന്നും ചിന്തിക്കാതെ താന്‍ ഓഫര്‍ നിരസിക്കുക ആയിരുന്നെന്നും ദീപ്‌തി പറഞ്ഞു.

പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സി.പി.ഐ.എമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു ദല്ലാള്‍ ടി.ജി നന്ദകുമാറിൻ്റെ വെളിപ്പെടുത്തല്‍. നേരത്തെ ഇതില്‍ ദീപ്‌തിയുടെ പേര് പറയാതെ എറണാകുളത്തെ കോണ്‍ഗ്രസിൻ്റെ വനിതാ നേതാവെന്നായിരുന്നു വിശേഷണം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ്റെ ആവശ്യ പ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍.

Courtesy:24NewsMalayalam

0Shares