
ന്യൂഡല്‍ഹി: 1991 ശ്രീ പെരുമ്പത്തൂരിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സഹതാപമുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിൽ ഒരാളായ നളിനി ശ്രീഹരന്‍. ‘ഞാന്‍ അവരോട് സഹതപിക്കുന്നു. ഞങ്ങള്‍ വര്‍ഷങ്ങളോളം അതേക്കുറിച്ച് ചിന്തിച്ച് ഖേദിച്ചു. അവര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. ആ ദുരന്തത്തിൻ്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് എപ്പോഴെങ്കിലും പുറത്തു വരാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -നളിനി എന്‍.ഡി.ടി.വിയോട് പറഞ്ഞു.
31 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ ജയില്‍ മോചിതരായത്. മകളെ കാണാനും യു.കെയില്‍ സ്ഥിരതാമസമാക്കാനും പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് താന്‍ ഭര്‍ത്താവിനൊപ്പം ഉണ്ടാകുമെന്നാണ് നളിനി ശ്രീഹരന്‍ മറുപടി നല്‍കിയത്. രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണുമോ എന്ന ചോദ്യത്തിന്, ‘അവര്‍ എന്നെ കാണുമെന്ന് കരുതുന്നില്ല, അവര്‍ക്ക് എന്നെ കാണാനുള്ള സമയം കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നതെന്നും നളിനി പറഞ്ഞു.

1991ല്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയെയും മറ്റ് അഞ്ചുപേരെയും വിട്ടയക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 1991 മെയില്‍ തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീലങ്കന്‍ ഗ്രൂപ്പായ എല്‍.ടി.ടി.ഇയുടെ ചാവേര്‍ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
1987ല്‍ ഇന്ത്യന്‍ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നത്. യുദ്ധത്തില്‍ 1,200ലധികം സൈനികരെ നഷ്ടപ്പെടുകയും സൈനികര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ ആയിരുന്നു അവരെ പിന്‍വലിച്ചത്.
നളിനി ശ്രീഹരന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ച സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തടവുകാരുടെ നല്ല പെരുമാറ്റവും കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന്‍ മോചിതനായതും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞിരുന്നു.
