
കാസർകോട്: പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കളക്ടർ പിന്തിരിയണം എന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ധാരാളം പ്രവാസികൾ ഉള്ള ജില്ലയാണ് കാസർകോട്. ജില്ലയുടെ വളർച്ചയ്ക്ക് ഓരോ പ്രവാസിയും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. കോവിഡ് – 19യുടെ പശ്ചാത്തലത്തിൽ ജോലിയും മറ്റു സൗകര്യങ്ങളും നഷ്ടപെട്ട് നാടണയുന്നവരോട് നന്ദികേടാണ് ജില്ലാ ഭരണാധികാരി കാണിക്കുന്നത് എന്ന് എം.എൽ.എ പത്രക്കുറിപ്പില്‍ ആരോപിച്ചു.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴി വരുന്ന കാസർകോട്ടുകാർക്ക് വിമാനമിറങ്ങുന്ന നിമിഷം മുതൽ കൊടിയ ദുരിതമാണ് പേറേണ്ടി വരുന്നത്. അല്ലലും അലട്ടലുമില്ലാതെ അവരെ നാട്ടിലെത്തിക്കേണ്ട ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടാകുന്നില്ല. കോവിഡ് – 19ഉടെ ചട്ടങ്ങൾക്ക് വിരുദ്ധമായി ബസ്സുകളിൽ പ്രവാസികളെ കുത്തികയറ്റുന്നു.
ജില്ലയിലെത്തുന്നതുവരെ കുടിക്കാൻ വെള്ളം പോലും ലഭിക്കുന്നില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യം അനുവദിക്കുന്നില്ല. ജില്ലയിലെത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത ലോഡ്ജുകളിൽ പാർപ്പിക്കുന്നു. കാലപ്പഴക്കംചെന്ന ലോഡ്ജുകളിലെ ഉപയോഗിക്കാൻ കൊള്ളാത്ത മുറികളിലാണ് പ്രവാസികളെ തള്ളുന്നത്. ഒരു ദിവസം ഒരാൾക്ക് ഭക്ഷണത്തിനു അനുവദിച്ച തുക 60 രൂപയാണ്. സമയത്ത് കിട്ടുന്നില്ലെന്ന് മാത്രമല്ല കഴിക്കാൻ പറ്റാത്ത ഭക്ഷണമാണ് നൽകുന്നത്. കാരാഗൃഹമാണ് ഇതിനേക്കാൾ നല്ലതെന്നാണ് തിരിച്ചെത്തിയ പല പ്രവാസികളും പറയുന്നത് എന്നും എൻ.എ.നെല്ലിക്കുന്ന് ചൂണ്ടിക്കാണിക്കുന്നു.
വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ മണിക്കൂറുകളോളം കറക്കി റോഡിൽ ഇറക്കിവിടുന്നു. ഏതാണ് തങ്ങൾക്കനുവദിച്ച ലോഡ്ജുകൾ എന്നറിയാതെ പലർക്കും തെരുവിൽ കഴിയേണ്ടിവരുന്ന. എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചുവരുന്നവരോട് പണമുണ്ടെങ്കിൽ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.

ജില്ലയിലെത്തുന്ന പ്രവാസികളെ പാർപ്പിക്കുന്ന കാര്യത്തിൽ ക്രമികരണം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കാസർകോട് മുനിസിപ്പാലിറ്റിയിലെ ലോഡ്ജുകളിൽ ജില്ലയിലെ തെക്കേ അറ്റത്തുള്ളവരെ താമസിപ്പിക്കുന്നു. വടക്കേ ഭാഗത്തുള്ളവരെ തെക്കേഭാഗത്തിലുള്ള പഞ്ചായത്തുകളിലേക്കയക്കുന്നു. തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിൽ ഇൻസ്റ്റിട്യൂഷൻ ക്വാറൻടൈൻ അനുവദിക്കുകയാണെങ്കിൽ സ്വന്തം വീടുകളിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാം. ഒരാഴ്ച ഇൻസ്റ്റിട്യൂഷൻ ക്വാറൻടൈൻ കഴിഞ്ഞാൽ വീണ്ടും ഒരാഴ്ച ഹോം ക്വാറൻടൈനാണ്. പക്ഷെ പരിശോധനയൊന്നും നടത്താതെയാണ് വീടുകളിലേക്കയക്കുന്നത്.
തിരിച്ചെത്തുന്ന പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ആരോഗ്യവകുപ്പിലെയും റവന്യൂവകുപ്പിലെയും മുഴുവൻ ഉദ്യോഗസ്ഥന്മാർക്കും ബോധ്യമുണ്ട്. പ്രശ്നപരിഹാരത്തിനു കളക്ടര്‍ ആണ് തടസമെന്നും. താൻ പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ മതി എന്ന ധിക്കാരമാണ് ജില്ലാ ഭരണാധികാരിയുടേത് എന്നും എൻ.എ.നെല്ലിക്കുന്ന് ആരോപിച്ചു
ഇതുപോലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു യോഗം വിളിക്കണമെന്ന് എം.പി.യും മഞ്ചേശ്വരം കാസർകോട് എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കത്ത് നൽകിയിരുന്നു. പക്ഷെ യോഗം വിളിച്ചില്ല. ധിക്കാരം ഉപേക്ഷിച്ചു പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടുന്നത് കളക്ടർ നിർത്തണമെന്ന് എൻ.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
