
തിരുവനന്തപുരം: പാറശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബത്തിന്‍റെ ആരോപണം. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്‍റെ മകന്‍ ഷാരോണ്‍ രാജിനെ പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ആണെന്നാണ് ആരോപണം. യുവതി നല്‍കിയ പാനീയം കഴിച്ചശേഷം വൃക്ക ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് യുവാവ് മരണപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി വിവാഹം നടത്തി. എന്നാല്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെ ചൊല്ലി ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ആദ്യം സെപ്തംബറില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വര്‍ഷം നവംബറിന് മുമ്പ് വിവാഹിതയായാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞത്.

ഈ ജാതകദോഷം തീര്‍ക്കാന്‍ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ആകാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശ നിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം തകറായതായി തിരിച്ചറിയുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒമ്പത് ദിവസത്തിനിടെ ഇയാള്‍ക്ക് അഞ്ചുതവണ ഡയാലിസിസാണ് നടത്തി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്‍റെ പിതാവ് പാറശാല പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വീഴ്‌ചയുണ്ടെന്നാണ് ആരോപണം. അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. വൃക്കയുടെയും കരളിന്‍റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാമുകിയുടെ ശബ്‌ദസന്ദേശം
എന്നാല്‍ താന്‍ കഷായത്തില്‍ മറ്റൊന്നും ചേര്‍ത്തിട്ടില്ലെന്നും സ്ഥിരമായി കഴിക്കുന്നതാണ് അതെന്നും യുവതിയുടെ വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ‘അന്നു രാവിലെയും താന്‍ അത് കുടിച്ചതാണ്. അതിലൊന്നും കലര്‍ന്നിട്ടില്ല. അന്നായിരുന്നു താന്‍ അവസാനമായി അത് കുടിച്ചതെന്നും യുവതി ഷാരോണ്‍ രാജിൻ്റെ സഹോദരന് അയച്ച് ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
‘ഷാരോണെ കൊന്നിട്ട് തനിക്കെന്ത് ലഭിക്കാനാണ്..വീട്ടില്‍ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കുന്നു. അതേസമയം, ഷാരോണ്‍ കുടിച്ച ജ്യൂസിന് രുചിവ്യത്യാസം തോന്നിയിരുന്നെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഏത് കഷായമാണ് കുടിക്കാന്‍ കൊടുത്തത് എന്ന് യുവതിയും കുടുംബവും വ്യക്തമാക്കിയിട്ടില്ലെന്നും ഷാരോണിൻ്റെ മാതാപിതാക്കള്‍ പറയുന്നു.
