പാലക്കാട് പൊലീസുകാരുടെ ദുരൂഹമരണം; പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യും; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing പാലക്കാട് പൊലീസുകാരുടെ ദുരൂഹമരണം; പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യും; രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ

പാലക്കാട് മുട്ടിക്കുളങ്ങരയിൽ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. പാടത്തിൻ്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതി കെണി വെക്കാറുണ്ടെന്ന് ഇവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും പാടത്ത് വൈദ്യുതിക്കെണിവെച്ചിരുന്നു. രാവിലെ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടു. ഇതോടെ വൈദ്യുത കെണി സ്ഥലത്ത് നിന്നും മാറ്റി മൃതദേഹങ്ങൾ രണ്ടിടത്ത് കൊണ്ടിട്ടെന്നും കസ്റ്റഡിയിൽ ഉള്ളവർ മൊഴി നൽകി. അതേസമയം സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇന്ന് രാവിലെയാണ് കെ.എ.പി രണ്ടാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈദ്യുതി കമ്പിയിൽ നിന്ന് രണ്ടു പേരുടെ കൈക്ക് ഷോക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് കൈമാറും.

0Shares