
സ്വർണക്കടത്തിലെ ദുരൂഹമരണം തന്റേടമുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുറന്നു പറയണമെന്ന് കോൺഗ്രസ്. ഇക്കാര്യം മറച്ചുവയ്ക്കാൻ കാരണം സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്നും കോൺഗ്രസ് ആരോപിച്ചു. കൊലപാതകം നടന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അമിത് ഷാ-പിണറായി വാക്പോര് നാടകമാണെന്നും ചെന്നിത്തല പറഞ്ഞു. ലാവലിൻ കേസ് 26 തവണ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്നും സ്വർണക്കടത്ത് കേസ് ഇഴയുന്നത് എന്ത് കൊണ്ടണെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി വിജയൻ ആദ്യം ജയിച്ചതു ജനസംഘത്തിന്‍റെ പിന്തുണയോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 1980-ൽ കൂത്തുപറമ്പിൽ നിന്ന് പിണറായി ജനസംഘവുമായി കൈകോർത്ത് മത്സരിച്ചാണ് ജയിച്ചത്. ആർ.എസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങൾക്കറിയാം.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സി.പി.എമ്മിന്‍റെ ഓഫീസാണ് ബി.ജെ.പിയുടെതായി മാറിയത്. ആരാണ് ബി.ജെ.പിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പരസ്പരമുള്ള ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങൾക്കു വേണ്ടതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
