
തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയ്ക്ക് എതിരെ നടനും മുൻ എം.പിയുമായ ഇന്നസെന്റ്. കോൺഗ്രസിന്‍റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും തന്‍റെ ചില പരസ്യങ്ങൾ തെറ്റിപ്പോയി എന്ന് തോന്നുന്നെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം.

എന്നാൽ കോൺഗ്രസ് തിരിച്ചു വരണമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്‍റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്ന് ഇന്നസെന്റ് പ്രതികരിച്ചു. ‘ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്‍റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്‍റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്‍റെ രാഷ്ട്രീയം. കരുതലിന്‍റെയും വികസനത്തിന്‍റെയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്‍റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.’ അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
