
സർക്കാരുമായി ഒത്തുപോകാതെവന്നാൽ ജനകീയ പ്രക്ഷാഭത്തിലൂടെ പുറത്താക്കേണ്ട അവസ്ഥ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കരുതെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പ്രിയ വര്‍ഗീസിൻ്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വി.സി ഹൈക്കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വി.സി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചാന്‍സലര്‍ പദവിയില്‍ ഇനി തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നെതന്നും എം.വി ജയരാജന്‍ പറഞ്ഞു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി. ഓഗസ്റ്റ് 31നാണ് ഹര്‍ജി പരിഗണിക്കുക. അതുവരെ നിയമന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. യു.ജി.സിയെയും കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.
