
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിൻ്റെ വേദിയിൽ സംഘപരിവാറിനും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമംനടക്കുന്നു പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാർ മഹത്വവൽകരിക്കുന്നു.ഫത്വ കേസിലെ പ്രതികൾക്ക് വേണ്ടി റാലി തന്നെ സംഘടിപ്പിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം വിമർശിച്ചു.
കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്‌ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത്. ഹരിയാനയിൽ നമസ്കാരം അനുഷ്ഠിച്ച മുസ്ലിങ്ങൾക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം നടത്തിയത് പഴയ കാര്യമല്ല.

ന്യൂനപക്ഷങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തിയത് ഉത്തർപ്രദേശിലെ കാര്യം. ആ സംഭവത്തിൽ സഖാവ് ബ്രിന്ദ കാരാട്ട് ഇടപെട്ടത് ആവേശകരമായ കാര്യമാണ്. ഇപ്പോൾ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദും മഥുരയിലെ ഷാഹിദ് ഗാഹ് മസ്ജിദും തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന സംഭവത്തിൽ ഇപ്പോൾ കോടതി വ്യവഹാരം നടക്കുകയാണ്. മഥുരയിൽ പരിശോധനയ്ക്ക് തയ്യാറെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. ഇത് സുപ്രീം കോടതി നിലപാടിന് എതിരാണ്. മുസ്‌ലിം വിഭാഗത്തിന് നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നു.
കേരളത്തിന് പുറത്ത് കർണാടകത്തിലടക്കം വലിയ തോതിൽ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബൈബിൾ നശിപ്പിക്കുന്നു, വൈദികർക്കൊപ്പമുള്ള കൊച്ചു കുട്ടികളെ പോലും ആക്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
