
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ മാർച്ച് ഏഴാം തിയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. സ്ഥാനാർത്ഥി പട്ടിക തയ്യാറായെന്നും പ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.ഫുമായിട്ടുള്ള സീറ്റ് വിഭജനത്തിൽ തീർക്കാവുന്ന ചില പ്രശ്നങ്ങൾ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫുമായി ഇതുവരെ നടന്ന ചർച്ച വിലയിരുത്തുകയാണ് ഇന്ന് ചെയ്തത്. ഏഴാം തിയതി മലപ്പുറത്ത് എല്ലാ ജില്ല നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും.
അതിന് ശേഷമുള്ള ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം, ലീഗിന് അധികമായി ലഭിച്ച മൂന്ന് സീറ്റുകൾ ഏതെല്ലാമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. യു.ഡി.എഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ അന്തിമമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
