
ഇലക്ഷൻ സ്‌പെഷ്യൽ
ചെർക്കള(കാസർകോട്): ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് നാരംപാടിയിലെ മുസ്‌ലിം ലീഗ് കമ്മിറ്റിയെ മരവിപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ നടത്തിയ ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചർച്ചക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റി കടുത്ത തീരുമാനം കൈകൊണ്ടത്. കഴിഞ്ഞ ഇരുപത് വർഷമായി മുസ്‌ലിം ലീഗിന് സ്വാധീനമുള്ള ഉരുക്ക് കോട്ടയാണ് നാരംപാടി.

പുണ്ടൂർ, മാവിനക്കട്ട, ആലങ്കോൾ, നാരംപാടി ചേർന്ന വാർഡാണ് അഞ്ച്. 2000 ലധികം വോട്ടർമാരുണ്ട്. ഈ വാർഡിൽ നിന്നും വിജയിച്ചവരാണ് കഴിഞ്ഞ നാല് പ്രാവശ്യവും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ളത്. എന്നാൽ അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്രയും കാലം പുറത്തുനിന്നുള്ളവരാണ് ജനവിധി തേടി വിജയിച്ചിട്ടുള്ളത്.
ഈ തെരഞ്ഞടുപ്പിൽ വാർഡിൽ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ പരിഗണന ലഭിച്ചില്ല. ഇതോടെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നം രൂപപെടുകയായിരുന്നു. വാർഡിലെ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു. അതോടെയാണ് സംസ്ഥാന നേതാക്കൾ അടക്കം ഇടപെടുന്ന രീതിയിൽ അഞ്ചാം വാർഡ് ചർച്ചയാകുന്നത്.

പല തവണയായി ചർച്ചകൾ നടന്നു. അങ്ങനെ മാരത്തോൺ ചർച്ചക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വം കടുത്ത തീരുമാനം കൈകൊണ്ടത്. നിലവിലെ വാർഡ് കമ്മിറ്റിക്ക് ജനപിന്തുണ ഇല്ലെന്ന് മനസ്സിലാക്കിയ നേതൃത്വം കമ്മിറ്റിയെ മരവിപ്പിക്കുകയായിരുന്നു. പുതിയ കമ്മിറ്റിയെ ഈ മാസം 25 ന് തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളമാണ് വാർഡ് സ്ഥാനാർത്ഥി.
