
കാസര്‍കോട്: ശ്രീരാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയറ്റിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും അറിയിച്ചു. ജൂലൈ 30 ന് നടക്കുന്ന മാര്‍ച്ചില്‍ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുമെന്നും നേതാക്കൾ പറഞ്ഞു.
മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഇടിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത കേസിൽ ശ്രീരാം വെങ്കിട്ടരാമന്‍ കോടതിയിൽ വിചാരണ നേരിടുകയാണ്. സാധാരണ വാഹനാപകടമായി ലഘൂകരിക്കുന്ന നടപടി ശരിയല്ല.

പ്രതി സ്ഥാനത്തുള്ളത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക നടപടി ക്രമത്തിൻ്റെ ഭാഗമായാണ് കലക്ടറാക്കിയത് എന്ന ന്യായം അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ വിധി വരുന്നതുവരെ കാത്തിരിക്കാനും മറ്റു തസ്തികയില്‍ നിയമിക്കാനും സര്‍ക്കാരിന് സാധിക്കുമെന്നിരിക്കെ തിരക്കിട്ടുള്ള ഈ നിയമനം ദുരൂഹമാണ്.
എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘടനകളുടെ ജില്ലാ നേതാക്കള്‍ റാലിപ്രസംഗിക്കും. മാർച്ചിൽ അനുവദിക്കപ്പെട്ട മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡും മാത്രമേ ഉപയോഗിക്കാവു എന്നും അറിയിച്ചു. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഷ്റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, സി.എല്‍ ഹമീദ് ഹാജി ചെമ്മനാട് തുടങ്ങിയവർ വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
