
കർണാടകയിലെ സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ കേരള ബന്ധവും അന്വേഷിക്കുന്നു. ബി.ജെ.പി – യുവമോര്‍ച്ച മംഗളൂരു ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിക്കൊന്നത്. അതേസമയം, പ്രതികള്‍ എത്തിയതെന്ന് സംശയിക്കുന്ന കേരളാ രജിസ്ട്രേഷനിലുള്ള ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കി. കേരള കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരെയിലാണ് ദാരുണ കൊലപാതകം നടന്നത്. സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി. ഐയുമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുള്ള്യ , പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തി.
