
കാസർകോട്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
സിദ്ദീഖിൻ്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ ഒരാളാണ് അസീസ്. റഹീം പ്രതികളെ ഒളിവിൽ പോകാന്‍ സഹായിച്ച ആളാണ്. അതേസമയം, കൊലപാതകത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടു എന്നാണ് വിവരം.

ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയും യു.എ.ഇയിലേക്ക് കടന്നു. റയീസ് ദുബായിൽ എത്തിയത് തിങ്കളാഴ്‌ചയാണ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസർകോട് പോലീസ് മേധാവി വൈഭവ് സക്‌സേന വ്യക്‌തമാക്കി. ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
