
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ മുസ്‌ലിം ലീഗിനെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐസംസ്ഥാന സെക്രട്ടറി എ. എ റഹീം. തികച്ചും ആസൂത്രിതമായി സംഘർഷമുണ്ടാക്കാനുള്ള നീക്കം യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

മുസ്‌ലിം ലീഗ് ജനിതകമാറ്റം സംഭവിച്ച വൈറസായി മാറിയെന്നു പറഞ്ഞ റഹിം, വെറും ലീഗല്ല താലിബാൻ ലീഗാണ് എന്ന് വിശേഷിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി . അതേപോലെ തന്നെ ഔഫിന്റെ കൊലപാതകം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചതാണെന്നും റഹീം ആരോപിച്ചു.
