
കാസർകോട്: കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൻ്റെയും എംപ്ലോയബിലിറ്റി സെന്ററിൻ്റെയും ആഭിമുഖ്യത്തില്‍ നിയുക്തി തൊഴില്‍ മേള നടത്തി. ജി.എച്ച്.എസ്.എസ് ഹൊസ്ദുര്‍ഗില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.മായാകുമാരി അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, ജി.എച്ച്.എസ്.എസ്.ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പാള്‍ ഡോ.എ.വി.സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ പി.ഗംഗാധരന്‍, പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാല്‍ നഗര്‍, എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ സി.കെ.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
247 ഉദ്യോഗാര്‍ത്ഥികളും 20 ഉദ്യോഗദായകരും പങ്കെടുത്ത തൊഴില്‍ മേളയില്‍ വിവിധ വിഭാഗങ്ങളിലെ 103 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ നിയമനം നല്‍കുകയും 80 ഉദ്യോഗാര്‍ത്ഥികളെ നിയമനത്തിനായി ഷോര്‍ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.
