
കുട്ടികളില്‍ മുണ്ടിനീര് (മംപ്സ്) രോഗം വ്യാപകമാവുന്നു. ഈവർഷം മാത്രം 10,611 കേസുകള്‍ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ ആറുദിവസത്തിനിടെ 1649 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. സമാന്തര ചികിത്സ ചെയ്യുന്നരുടെ കണക്ക് ലഭ്യമല്ല.
ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചു വർഷങ്ങളായി മുണ്ടിനീരിന് വാക്‌സിൻ നല്‍കുന്നില്ല. എം.എം.ആർ. (മംപ്സ്, മീസില്‍സ്, റുബല്ല) വാക്‌സിന് പകരം ഇപ്പോള്‍ എം.ആർ വാക്‌സിനാണ് (മീസില്‍സ്, റുബല്ല) സർക്കാർ സംവിധാനം വഴി നല്‍കുന്നത്.
പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. രോഗം അപകടകാരി അല്ലെങ്കിലും ചില കുട്ടികളില്‍ കിടത്തി ചികിത്സ ആവശ്യമായി വരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. എം.വിജയകുമാർ പറഞ്ഞു.
ബാധിക്കുക ഉമിനീർ ഗ്രന്ഥികളെ
പാരമിക്സൊ വൈറസാണ് രോഗാണ്. വായുവിലൂടെ പകരും. രോഗം ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് തൊട്ടുമുമ്പും വീങ്ങിയ ശേഷം ആറുദിവസം വരെയുമാണ് രോഗം പകരുക. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട്.
ലക്ഷണങ്ങള്‍
ചെവിയുടെ താഴെ കവിളിൻ്റെ വശങ്ങളില്‍ വീക്കം. മുഖത്തിൻ്റെ ഒരുവശത്തെയോ രണ്ടുവശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന.

ചെറിയ പനിയും തലവേദനയും. വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്‌മ, ക്ഷീണം, പേശിവേദന.
സങ്കീർണതകള്‍
ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോർ, വൃഷണം, അണ്ഡാശയം, പാൻക്രിയാസ് ഗ്രന്ഥി എന്നിവയെ ബാധിക്കാം. കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ച് എൻസഫലൈറ്റിസ് വരാം.
രോഗ പകർച്ച തടയാൻ
രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്‌തുക്കള്‍ അണുവിമുക്തമാക്കുക.
വേദന കുറയാൻ
ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളാം. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂടും പിടിക്കാം. ധാരാളം വെള്ളം കുടിക്കുക. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങള്‍ കഴിക്കുക.
