
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിൻ്റെ മുന്നറിയിപ്പ്. മഴ കനക്കുകയും കാലാവസ്‌ഥാ വ്യതിയാനം സംസ്‌ഥാനത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു.
കാലാവസ്‌ഥാ വ്യതിയാനത്തിൻ്റെ പ്രശ്‌നങ്ങള്‍ കേരളം സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് എല്ലാം തമിഴ്‌നാടിന് അനുകൂലമാകുന്ന സ്‌ഥിതിയാണ് ഉണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ. ജോ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ കോടതിയിലുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്‌ഥിതി ചെയ്യുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്ത് താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കി കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ട് ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നത്. അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്ന് ലേഖനം പറയുന്നു.
ലേഖനത്തില്‍ നിന്ന്: “ലോകമെമ്പാടും അണക്കെട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്ന 1970കളില്‍ നിര്‍മ്മിച്ച രണ്ട് ഡാമുകളാണ് ലിബിയയില്‍ തകര്‍ന്നത്. എന്നാല്‍, ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ലോകത്ത് നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്. അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്. അതില്‍ തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിപ്പെടാം.”
Courtesy: Dailyhunt- Publisher, Mangalam
