
മംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ തീവ്രഹിന്ദു സംഘടനാ പ്രവർത്തകരായ ഏഴുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ചെര്‍ക്കള സ്വദേശി ജാഫര്‍ ഷെരീഫ്, മഞ്ചേശ്വരം സ്വദേശികളായ മുജീബ്, ആഷിഖ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ക്കെതിരെ ഐ.പി.സി 307 വകുപ്പ് പ്രകാരം കേസെടുത്തു.
അവധി ആഘോഷിക്കാനായി ഉള്ളാൾ, സോമേശ്വർ ബീച്ചിലെത്തിയ ദേർളകട്ടയിലെ പാരാമെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നേരെയാണ് സദാചാര ഗുണ്ടാ ആക്രമണം നടന്നത്. ഇതരമതസ്ഥരിൽ പെട്ട സഹപാഠികളോടൊപ്പം ബീച്ചിൽ എത്തിയപ്പോഴായിരുന്നു ഒരു സംഘം ഇവരെ ക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശികളായ സഫർ ഷെരീഫ്, മുജീബ്, ആഷിഖ് എന്നിവരെ ദേർള കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ല് ഉപയോഗിച്ചും, ബെൽറ്റ് കൊണ്ടും ക്രൂരമായാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ബന്ധു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ തലപ്പാടി, ഉള്ളാൾ സ്വദേശികളാണ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികളെ സുരക്ഷിതമായി കേരളത്തിലേക്ക് എത്തിച്ചു. നേരത്തെയും മംഗളൂരുവിൽ സമാന രീതിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ട ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു.
കർണാടകയിൽ സദാചാര ഗുണ്ട ആക്രമണം അവസാനിപ്പിക്കും എന്നായിരുന്നു സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയുള്ള ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്ന്. എന്നാൽ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ ഇത്തര ഒരു സംഭവം നടന്നത് വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
