പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ സദാചാര ആക്രമണം; നാലുപേര്‍ അറസ്റ്റില്‍, സംഭവം ബേക്കല്‍ കോട്ടയിൽ പോയി മടങ്ങുമ്പോൾ

You are currently viewing പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ സദാചാര ആക്രമണം; നാലുപേര്‍ അറസ്റ്റില്‍, സംഭവം ബേക്കല്‍ കോട്ടയിൽ പോയി മടങ്ങുമ്പോൾ

കാസർകോട്: ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചു വരികയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മേല്‍പറമ്പില്‍ സദാചാര ആക്രമണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്‌തു. കളനാട് കൂവത്തൊട്ടി മാക്കോട്ടെ ടി.എ അബ്ദുല്‍ മന്‍സൂല്‍ (45), ചെമനാട് ചളിയങ്കോട്ടെ കെ.അബ്ദുല്‍ ഖാദര്‍ അഫീഖ് (37), ചട്ടഞ്ചാല്‍ ബാലനടുക്കത്തെ മുഹമ്മദ് നിസാര്‍ (38), അരമങ്ങാനത്തെ ആരിഫ് (32) എന്നിവരെയാണ് മേല്‍പറമ്പ് സി.ഐ ടി.ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്‌ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളേയും മൂന്ന് ആണ്‍കുട്ടികളേയുമാണ് തടഞ്ഞുവെച്ച് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തതെന്നാണ് കേസ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം സുഹൃത്തുക്കളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായാണ് ബേക്കല്‍ കോട്ടയിലേക്ക് പോയത്.

കോട്ട സന്ദര്‍ശിച്ച ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഇവര്‍ ഭക്ഷണം കഴിക്കാനായി മേല്‍പറമ്പിലെ ഒരു ഹോട്ടലിന് മുന്നില്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയം അവിടെയെത്തിയ നാലംഗ സംഘം ആറ് പേരെയും തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തുവെന്നാണ് കേസ്.

കുമ്പള ഭാഗത്ത് നിന്നാണ് ആറ് പേര്‍ ബേക്കല്‍ കോട്ട സന്ദര്‍ശനത്തിന് പോയത്. ആക്രമണത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ പരാതിയിലാണ് മേല്‍പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. തടഞ്ഞുവെക്കല്‍, സംഘം ചേര്‍ന്ന് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

0Shares