
താരസംഘടനയായ ‘എ.എം.എം.എ’യ്ക്കുവേണ്ടി ആശീർവാദ് സിനിമാസ് ട്വന്റി20 മോഡൽ സിനിമ നിർമ്മിക്കുമെന്ന് മോഹൻലാൽ. പ്രിയദർശനും ടി.കെ.രാജീവ് കുമാറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുക. ടി.കെ.രാജീവ് കുമാർ കഥയും തിരക്കഥയും ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ 145 ഓളം അഭിനേതാക്കൾ അണിനിരക്കുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനവേളയിലാണ് മോഹൻലാൽ സിനിമ പ്രഖ്യാപിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി 20 പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഇതൊരു മഹത്തായ സിനിമയാണെന്നും നടൻ കൂട്ടിച്ചർത്തു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പേര് പുറത്തു വിട്ടിട്ടില്ല.
സിനിമയുടെ പേര് നിർദ്ദേശിക്കാനായി പ്രേക്ഷകർക്കായി ഒരു മത്സരവും സംഘടന ഒരുക്കിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും. ഇന്ന് രാവിലെ 10 മണിക്കായിരുന്നു കലൂരിലെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് നൂറ് പേർ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 10 കോടിയോളം ചെലവിട്ടാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
ഇനി മുതൽ അമ്മയുടെ യോഗങ്ങൾ ഇവിടെ വെച്ചാകും നടക്കുക. ഇതിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കൾക്ക് വന്ന് തിരക്കഥ കേൾക്കാനും എഴുത്തുകാർക്കും സംവിധായകർക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകൾ ഒരുക്കിയിട്ടുണ്ട്.
