ഞെട്ടലുണ്ടാക്കുന്ന വാർത്ത, ഉൾക്കൊള്ളാനാവുന്നില്ല; കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ മോഹൻലാൽ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ഞെട്ടലുണ്ടാക്കുന്ന വാർത്ത, ഉൾക്കൊള്ളാനാവുന്നില്ല; കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ  വിയോഗത്തിൽ മോഹൻലാൽ

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. പൂനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തിൽ ലാൽ അഭിനയിച്ചിരുന്നു. പുനീത് രാജ്കുമാറിൻ്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വർഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീത് രാജ്കുമാറെന്നും മോഹൻലാൽ പറഞ്ഞു.

ഒരുപാട് വർഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാർ. ചെറിയ പ്രായം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാർ സാറുമായിട്ടും അദ്ദേഹത്തിൻ്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്. ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള ഒരു വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് ഇത്. ഷോക്കിങ് ആണ്, മോഹൻലാൽ പറഞ്ഞു.

ഇന്ന് രാവിലെ ജിമ്മിൽ വ്യായാമം ചെയ്യവേയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ ബെംഗളൂവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസ്സായിരുന്നു.

പുനീതിൻ്റെ പേഴ്‌സണൽ മാനേജർ സതീഷാണ് മരണവാർത്ത പുറത്തു വിട്ടത്. അദ്ദേഹത്തിൻ്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.

0Shares