
കൊറോണ വൈറസിനേക്കാള്‍ കൂടുതല്‍ ഭയക്കേണ്ട വൈറസുകളാണ് ചില വ്യാജവൈദ്യന്മാര്‍.ഇപ്പോള്‍ ഇതാ, കൊറോണ ചികിത്സിച്ച് ഭേദമാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍. ഈ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ അദ്ദേഹത്തിന്‍റെ പരിശോധനാ കേന്ദ്രത്തില്‍ പോലീസിന്‍റെയും ഡി.എം.ഒയുടെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തി.
തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടത്തിയത്. കൊറോണയെ മറികടക്കാന്‍ ലോകം മുഴുവന്‍ മരുന്നില്ലാതെ കഷ്ടപ്പെടുന്ന സമയത്താണ് മോഹനന്‍ വൈദ്യര്‍ രഹസ്യ ചികിത്സ നടത്തുന്നത്. അതേസമയം എന്ത് ചികിത്സയാണ് വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങളാണ് ഡി.എം.ഒയും പോലീസും പരിശോധിക്കുന്നത്.
തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലാണ് മോഹനന്‍ വൈദ്യരുടെ രഹസ്യപരിശോധന.

രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പടെ നിരവധി കേസുകളാണ് ഈ വ്യാജവൈദ്യനുള്ളത്. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും തമിഴനാട്ടിലും ഈ വ്യാജ ബിസിനസ് അദ്ദേഹം നടത്തുന്നുണ്ട്.
‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരില്‍ 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി ചികിത്സ നടത്തുമെന്നാണ് പുതിയ പോസ്റ്റില്‍ വൈദ്യര്‍ പറയുന്നത്. ഇതിനെതിരെ പരാതികള്‍ ഉയരുകയും, ചികിത്സ നടത്തുന്നത് കൊറോണയ്ക്കാണെന്ന രഹസ്യവിവരം ലഭിച്ചതോടെയുമാണ് ഇപ്പോള്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്.
